പോസ്റ്റർ പതിച്ച്​ സ്ത്രീയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

പൊന്നാനി: സമൂഹമാധ്യമങ്ങൾ വഴിയും പോസ്റ്റർ പതിച്ചും സ്ത്രീയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് കുമരനെല്ലൂർ അമേറ്റിക്കര സ്വദേശി തോട്ടുപുറത്ത് ടി.എസ്. ശ്രീജിനെയാണ്​ (28) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം.

എടപ്പാൾ മുതൽ ആനക്കര വരെയുള്ള ഭാഗങ്ങളിൽ റോഡരികിലെ ചുവരുകളിലാണ് സമീപപ്രദേശത്തെ സ്ത്രീയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും ഫോൺ നമ്പറും ഫോട്ടോയും സഹിതമുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് സ്ത്രീയും ബന്ധുക്കളും പൊലീസിൽ പരാതി നൽകി. പൊലീസെത്തി പോസ്റ്ററുകൾ പറിച്ചുകളയുകയും സമീപത്തെ യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തു.

ഈ യുവാവിൽനിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ചുവപ്പ് നിറമുള്ള സ്കൂട്ടറിലെത്തിയ ഒരാൾ പോസ്റ്റർ ഒട്ടിക്കുന്നത് കണ്ടെന്ന് പറഞ്ഞ യുവാവ് വാഹന നമ്പറിന്‍റെ സൂചനയും നൽകി. തുടർന്നാണ് അമേറ്റിക്കര സ്വദേശി ശ്രീജിനെ അറസ്റ്റ് ചെയ്തത്. മധ്യവയസ്കയായ സ്ത്രീയുടെ വീടിന് സമീപത്ത് ഇയാൾ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് തടസ്സം നിന്നതിനാലാണ് പോസ്റ്റർ ഒട്ടിച്ച്​ അപമാനിച്ചതെന്നും ഇയാളുടെ മൊബൈലിൽനിന്ന് തന്നെയാണ് പോസ്റ്റർ തയാറാക്കിയതെന്നും പൊലീസ് പറഞ്ഞു.

പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിൽ എസ്.ഐ കൃഷ്ണലാൽ, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒമാരായ സമീർ, ഹരികൃഷ്ണൻ, സി.പി.ഒ വിനീത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ്​ ചെയ്തു.

Tags:    
News Summary - Defendant arrested for trying to defame woman by pasting poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.