അടൂർ: യുവാവിനെ വീടുകയറി ആസിഡൊഴിച്ച ശേഷം മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽപോയ കൊട്ടാരക്കര താലൂക്കിൽ മൈലം വില്ലേജിൽ ഇട്ടിയപറമ്പിൽ ചാത്തൻകോട്ട് വീട്ടിൽ അനിൽ(35), കൊട്ടാരക്കര താലൂക്കിൽ മൈലം വില്ലേജിൽ കുഴിവിള മേലേതിൽ വീട്ടിൽ പ്രശാന്ത് (26) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം. മുൻ വൈരാഗ്യത്തിെൻറ പേരിൽ ഏനാദിമംഗലം വില്ലേജിൽ മാരൂർ രഞ്ജിത് ഭവനം വീട്ടിൽ രാത്രി എട്ടരയോടെ വീട്ടിൽ അതിക്രമിച്ചുകയറി രഞ്ജിത്തിെൻറ മുഖത്ത് ആസിഡ് ഒഴിച്ചശേഷം ഇരുമ്പുപൈപ്പുകൾ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച രഞ്ജിത്തിനെ പിന്തുടർന്നും മർദിച്ചു. അഞ്ചു വർഷങ്ങൾക്ക് മുമ്പ് കേസിലെ ഒന്നാംപ്രതി അനിലിനെയും സഹോദരൻ സുനിലിനെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതിയായ രഞ്ജിത്തിനോടുള്ള കടുത്ത വിരോധമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കണ്ണിനും മുഖത്തും ഗുരുതര പരിക്കേറ്റ രഞ്ജിത് കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ്.ഐമാരായ എം. മനീഷ്, ബിജു ജേക്കബ്, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, റോബി, ജയൻ, രതീഷ്, അൻസാജു എന്നിരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനുശേഷം പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട ജില്ല സയൻറിഫിക്-ഫോറൻസിക് വിഭാഗവും ജില്ല സൈബർ സെൽ വിഭാഗവും അന്വേഷണത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.