ചെർപ്പുളശ്ശേരി: ഇരുപത്തിയാറാം മൈലിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കോഴിക്കോട് പെരുവണ്ണാമൂഴി ചെമ്പനോട് പനയ്ക്കൽ ചന്ദ്രൻ (മാത്യു -63), താമരശ്ശേരി തച്ചംപൊയിൽ കൂറപൊയിൽ വീട്ടിൽ മുഹമ്മദ് നിസാർ (30) എന്നിവരെയാണ് ചെർപ്പുളശ്ശേരി പൊലീസ് മണ്ണാർക്കാട്ടുനിന്ന് പിടികൂടിയത്. ഒക്ടോബർ 11, 12 ദിവസങ്ങളിലായി റിട്ട. അധ്യാപകൻ മാട്ടര ബഷീറിെൻറ വീട്ടിലായിരുന്നു മോഷണം. ബഷീർ ഒരു മാസത്തോളമായി ബംഗളൂരുവിലുള്ള മകെൻറ കൂടെയായിരുന്നു താമസം. 11ന് പ്രതികൾ വീട്ടിലെത്തി പ്രധാന വാതിൽ തകർത്ത് അകത്ത് കയറിയെങ്കിലും വില പിടിപ്പുള്ള വസ്തുക്കൾ കണ്ടെടുക്കാനാവാതെ ഷെഡിൽ നിർത്തിയിട്ട കാറിെൻറ താക്കോൽ കൈവശപ്പെടുത്തി മടങ്ങുകയായിരുന്നു. പ്രതികൾ പെട്രോളുമായി എത്തി ഷെഡിലുള്ള കാർ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കാറിൽനിന്നുണ്ടായ ശബ്ദംകേട്ട് അടുത്ത വീട്ടുകാർ ഉണർന്നതോടെ ഓടിരക്ഷപ്പെടുകയായിരുന്നു.
അടുത്ത ദിവസം വിട്ടുജോലിക്കാരി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ബന്ധുക്കള വിവരം അറിയിച്ചതിനെ തുടർന്ന് അവർ പൊലീസിൽ പരാതി നൽകി. പിടിയിലായ പ്രതി ചന്ദ്രനെതിരെ മൂന്ന് സംസ്ഥാനങ്ങളിലായി 30ലധികം കേസുകളുള്ളതായി പൊലീസ് പറഞ്ഞു. സമീപകാലത്തായി കാറൽമണ്ണ, അമ്പലപ്പാറ എന്നിവിടങ്ങളിൽ നടന്ന മോഷണത്തിലും പങ്കുണ്ട്.
മോഷണ വീട്ടിൽനിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതികളിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇൻസ്പെക്ടർ എം. സുജിത്തിെൻറ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐമാരായ സുനിൽ, ജലീൽ, അബ്ദുസലാം, എ.എസ്.ഐ ഉണ്ണികൃഷ്ണൻ, പൊലീസ് ഉദ്യോഗസ്ഥരായ സജി റഹ്മാൻ, ഷാഫി, വിനു ജോസഫ്, ശശിധരൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.