തിരുവനന്തപുരം: 10 വയസ്സുകാരിയായ സ്വന്തം മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഡെപ്യൂട്ടി തഹസിൽദാർ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി കെ.വി. രജനീഷ് കണ്ടെത്തി. ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും. 2019 ലാണ് കേസിനാസ്പദമായ സംഭവം.
പഠിക്കാൻ മിടുക്കിയായിരുന്ന കുട്ടി പഠനത്തിൽ ശ്രദ്ധിക്കാതെ വരുകയും ക്ലാസിൽ മൂകയായി ഇരിക്കുന്നതും ശ്രദ്ധിച്ച ക്ലാസ് ടീച്ചർ കുട്ടിയോട് സ്വകാര്യമായി കാര്യങ്ങൾ അന്വേഷിച്ചു. അധ്യാപികയോട് പിതാവിൽ നിന്ന് ഉണ്ടായ ശാരീരിക ഉപദ്രവങ്ങൾ കുട്ടി തുറന്നു പറയുകയായിരുന്നു.
അധ്യാപിക വിവരം ഹെഡ്മിസ്ട്രസിന്റെയും സ്കൂൾ കൗൺസലറുടെയും ശ്രദ്ധയിൽപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, പരാതി വ്യാജമാണെ ആക്ഷേപം ഉയർന്നതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 19 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകൾ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്പ്രസാദ്, അഭിഭാഷകരായ ഹശ്മി വി. ഇസഡ്, ബിന്ദു വി.സി എന്നിവർ കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.