കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന് ഒരിക്കലും പൊലീസ് സംരക്ഷണം നൽകിയിട്ടില്ലെന്ന് ഡി.ജി.പി ഹൈകോടതിയിൽ. ചരിത്രപ്രാധാന്യമുണ്ടെന്നു പറയുന്ന വസ്തുക്കൾ കാണാനുള്ള കൗതുകംകൊണ്ടാണ് അന്നത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും അയാളുടെ വീട്ടിൽ പോയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കേസിൽ സത്യസന്ധവും പക്ഷപാതരഹിതവും കാര്യക്ഷമവുമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം സജ്ജമാണെന്നും ഡി.ജി.പി അനിൽകാന്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മോൻസണിനെതിരെ മൊഴി നൽകിയതിെൻറ പേരിൽ ഇയാളുടെ ഗുണ്ടകളും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് മുൻ ഡ്രൈവർ ഇ.വി അജിത്ത് നൽകിയ ഹരജിയിലാണ് ഡി.ജി.പിയുടെ വിശദീകരണം.
പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടായിരുന്ന മോൻസണിനെതിരായ കേസുകൾ പൊലീസ് അന്വേഷിച്ചാൽ മതിയാവുമോയെന്ന് ആശങ്ക പ്രകടിപ്പിച്ച കോടതി, ഇക്കാര്യത്തിൽ സർക്കാറിെൻറ വിശദീകരണം തേടിയിരുന്നു.
വിലപിടിപ്പുള്ള പുരാവസ്തുക്കൾ സൂക്ഷിക്കുന്നിടമായതിനാൽ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് മോൻസൺ ഡി.ജി.പിക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് കലൂരിലെ വീടിന് മുന്നിൽ ബീറ്റ് ബുക്ക് സ്ഥാപിച്ചത്. പട്രോളിങ് മേഖലകളിൽ നടപടിക്രമത്തിെൻറ ഭാഗമായി സ്ഥാപിക്കുന്നതാണിത്. പ്രത്യേക നിരീക്ഷണമോ പൊലീസ് സംരക്ഷണമോ ഇതിെൻറ പേരിൽ നൽകിയിരുന്നില്ല.
മോൻസണിനെതിരെ ശ്രീവത്സം രാജേന്ദ്രൻപിള്ള നൽകിയ തട്ടിപ്പു കേസിൽ ഹരജിക്കാരൻ മൂന്നാം പ്രതിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി വെള്ളിയാഴ്ച പരിഗണിക്കും.
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കൽ പോക്സോയടക്കം പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് സർക്കാർ. ഈ കേസുകളിലെല്ലാം അന്വേഷണം പുരോഗമിക്കുകയാണെന്നും ഡി.ജി.പി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലെടുത്ത പോക്സോ കേസിലെ ഇരയെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കി. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പീഡനക്കേസ് പിൻവലിക്കാൻ ഇരയെ ഭീഷണിപ്പെടുത്തിയെന്ന കേസ് കളമശ്ശേരി പൊലീസിെൻറ അന്വേഷണത്തിലാണ്.
6.27 കോടി തട്ടിയെടുെത്തന്ന വ്യവസായി ശ്രീവത്സം രാജേന്ദ്രൻ പിള്ളയുടെ പരാതിയിൽ പന്തളം പൊലീസ് കേസെടുത്ത് മോൺസണിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. എച്ച്.എസ്.ബി.സി ബാങ്ക് രേഖകൾ വ്യാജമായി ചമച്ച് 10 കോടി തട്ടിയെന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്നു. അറസ്റ്റും രേഖപ്പെടുത്തി. സന്തോഷ് എളമക്കരയിൽനിന്ന് മൂന്നു കോടിയുടെ പുരാവസ്തുക്കളും 30 ലക്ഷവും തട്ടിയെടുത്തെന്ന കേസിൽ തെളിവെടുപ്പ് നടത്തി. പൊതുജനങ്ങളിൽനിന്ന് പണം തട്ടിയെടുക്കാൻ ടി.വി സംസ്കാരയുടെ ചെയർമാനെന്ന പേരിൽ ബ്രോഷറുകളും മറ്റും അച്ചടിച്ച് വഞ്ചിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുകയാണ്. തെൻറ കൈവശമുള്ള ഇറിഡിയം ലോഹം മികച്ചതാണെന്ന തരത്തിൽ ഡി.ആർ.ഡി.ഒയുടെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ രേഖകൾ കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.