ഭോപ്പാൽ: വിവാഹ ചടങ്ങിന് വരൻ ധരിച്ച വസ്ത്രത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്. കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ മംഗ്ബെയ്ഡ ഗ്രാമത്തിലാണ് സംഭവം.
ആദിവാസി വിഭാഗക്കാരനായ സുന്ദർലാലിന്‍റെ വിവാഹത്തിലാണ് വസ്ത്രത്തെ ചൊല്ലിയുള്ള സംഘർഷം. ഗോത്ര പാരമ്പര്യമനുസരിച്ച് വിവാഹ ചടങ്ങുകളിൽ ദോത്തിയും (മുണ്ട്) കുർത്തയുമാണ് ധരിക്കേണ്ടത്. ധോത്തിയും കുർത്തയും ധരിക്കണമെന്ന് പെൺവീട്ടുകാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വരൻ സുന്ദർലാൽ ഷെർവാണി ധരിച്ചാണ് വിവാഹവേദിയിലെത്തിയത്.
വധുവിന്‍റെ വീട്ടുകാർ വരന്‍റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തതാണ് തർക്കത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. തർക്കം സംഘർഷത്തിലെത്തുകയും പരസ്പരം കല്ലേറുണ്ടാവുകയും ചെയ്തു. സംഭവത്തെ തുടർന്ന് വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ചിലർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അതേസമയം, വധുവിന്റെ വീട്ടുകാരുമായി തർക്കമൊന്നുമില്ലെന്നും ഇവരുടെ ബന്ധുക്കളിൽ ചിലരാണ് വസ്ത്രത്തിന്‍റെ പേരിൽ വഴക്കുണ്ടാക്കിയതെന്നും വരൻ സുന്ദർലാൽ പറഞ്ഞു. വിവാഹം നിശ്ചയിച്ച പ്രകാരം തന്നെ നടന്നതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.