കാസർകോട്: വൈവാഹിക വെബ്സൈറ്റിൽ ഡോക്ടർ ചമഞ്ഞ് രജിസ്റ്റർ ചെയ്ത് യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. കാസർകോട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ മംഗളൂരു സുറത്കൽ സ്വദേശി ബിനോയ് ഷെട്ടി എന്ന സനത് ഷെട്ടി (33) ആണ് പിടിയിലായത്.
സ്വകാര്യ മാട്രിമോണിയൽ വെബ്സൈറ്റിൽ ഡോക്ടർ എന്ന നിലക്ക് വ്യാജ പ്രൊഫൈലുണ്ടാക്കി 7.57 ലക്ഷമാണ് ഇയാൾ തട്ടിയെടുത്തത്. ഫാർമസി കോഴ്സ് കഴിഞ്ഞ യുവതിയെ ഡോക്ടറെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ സമീപിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചശേഷം വിവാഹ താൽപര്യം പ്രകടിപ്പിച്ചു. സ്വന്തമായി ആശുപത്രി തുടങ്ങുകയാണെന്ന് പറഞ്ഞശേഷം പലതവണയായാണ് തുക സ്വന്തമാക്കിയത്. പണം കൈക്കലാക്കിയശേഷം ഇയാളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതിൽ സംശയം തോന്നിയതോടെ യുവതി കാസർകോട് എസ്.പിക്ക് പരാതി നൽകി.
സൈബർ ക്രൈം ഇൻസ്‌പെക്ടർ കെ. പ്രേംസദന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ മാറി മാറി താമസിക്കുകയാണ് പ്രതിയെന്ന് വ്യക്തമായി. ലൊക്കേഷൻ പിന്തുടർന്ന പൊലീസ് മംഗളൂരു സൂറത്ത്കല്ലിലെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയെത്തി പിടികൂടുകയായിരുന്നു.
പ്രതിയുടെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം സ്വീകരിച്ചതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
മാസങ്ങളായി പ്രതിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ നിരീക്ഷിച്ചും സമാനരീതിയിൽ ആരെയെങ്കിലും ചതിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. സൈബർസെൽ എസ്.ഐ പി.കെ.അജിത്, എസ്.ഐ. ചെറിയാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കുഞ്ഞികൃഷ്ണൻ, കെ. മനോജ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.