തൊടുപുഴ: കോവിഡ് കാലത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതായി കണക്കുകൾ. 2020ൽ ജില്ലയിലാകെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് 704 കേസുകളായിരുന്നുവെങ്കിൽ 2021 ജനുവരി മുതൽ ആഗസ്റ്റ്വരെ മാത്രം 647 കേസുകൾ റിപ്പോർട്ട് ചെയ്തു. ജില്ല വുമൺ പ്രൊട്ടക്ഷൻ ഓഫിസിൽ മാത്രം എത്തിയ പരാതികളുടെ എണ്ണമാണിത്. പൊലീസിലെത്തിയ പരാതികൾ വേറെയും. മുൻ വർഷങ്ങളെ അപേക്ഷിച്ച് കേസുകളിൽ വർധനയുള്ളതായാണ് കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്. ഭൂരിഭാഗം കേസുകൾക്ക് പിന്നിലെയും പ്രധാന ഘടകം സ്ത്രീധനവുമായി ബന്ധപ്പെട്ടതാണ്.
ഭർതൃപീഡനങ്ങൾ, ഭർത്താവിെൻറ മദ്യപാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ, സംശയം, സ്ത്രീധനവുമായി ബന്ധപ്പെട്ട കലഹങ്ങൾ, സ്ത്രീകളുടെ മാന്യതക്ക് നേരെയുള്ള കടന്നുകയറ്റം ഇവയെല്ലാമാണ് ജില്ലയിൽനിന്ന് സ്ത്രീകളോടുള്ള അതിക്രമവുമായി ബന്ധപ്പെട്ട് കൂടുതലായും റിപ്പോർട്ട് ചെയ്തത്. മുമ്പും അതിക്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും പലതും വീടുകളിൽ തന്നെ ഒതുങ്ങുന്ന സാഹചര്യമായിരുന്നു.
മറ്റുള്ളവർ എന്തുകരുതും എന്ന രീതിയിൽ പലരും ഇത് മൂടിവെക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. എന്നാൽ, ഇത് സ്ത്രീകളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന ഒന്നായി മാറി. ഇതിനെതിരെ പൊലീസിെൻറയും വനിത പ്രൊട്ടക്ഷൻ യൂനിറ്റിെൻറയും നേതൃത്വത്തിൽ ബോധവത്കരണവും നിയമസഹായവുമടക്കം ഇപ്പോൾ നൽകിവരുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കോവിഡ് കാലവും ലോക്ഡൗണും മൂലം ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചതായാണ് ജില്ല വുമൺ പ്രൊട്ടക്ഷൻ ഓഫിസർ ലിസി തോമസ് പറയുന്നത്. വീടുകളിൽ തന്നെ പലരും അകപ്പെട്ട സാഹചര്യത്തിൽ ഉണ്ടായ മാനസിക വിഷമങ്ങളടക്കം ഇതിനു കാരണമായി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ വനിത പ്രൊട്ടക്ഷൻ യൂനിറ്റിെൻറ നേതൃത്വത്തിൽ ആദ്യം കൗൺസലിങ് നൽകും.
പ്രശ്നപരിഹാരത്തിനുള്ള സാധ്യത തേടുകയും ഫലം കണ്ടില്ലെങ്കിൽ കേസ് കോടതിക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. പ്രൊട്ടക്ഷൻ യൂനിറ്റ് കൂടാതെ ജില്ലയിൽ ആറോളം സർവിസ് പ്രൊവൈഡിങ് സെൻററുകളും വനിതകളുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിനായി പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ആഴ്ചയിൽ മൂന്ന് ദിവസം ലീഗൽ കൗൺസിലർമാരുടെയും സേവനം ലഭിക്കുമെന്നും ഇവർ പറഞ്ഞു.
ബോധവത്കരണ പ്രവർത്തനങ്ങൾക്കിടയിലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സംഭവങ്ങളുണ്ട്. ഭർതൃവീടുകളിലും മറ്റും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അത് സഹിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കരുതെന്നും മറ്റ് സഹായം തേടണമെന്നും ജില്ല വുമൺ പ്രൊട്ടക്ഷൻ ഓഫിസർ പറഞ്ഞു. ഗാർഹിക മേഖലയിലടക്കം ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടാൽ 04862 221722, 8281999056 നമ്പറുകളിൽ ബന്ധപ്പെടണം.
തൊടുപുഴ: ജില്ല വനിത ശിശു വികസന ഓഫിസ് ആഭിമുഖ്യത്തിൽ സ്ത്രീധന നിരോധന ദിനാചരണം സംഘടിപ്പിക്കും. വെള്ളിയാഴ്ച രാവിലെ പത്തിന് തൊടുപുഴ സേവ്യേഴ്സ് ഹോം ഓഡിറ്റോറിയത്തിലാണ് പരിപാടി.
വിവിധ മത മേധാവികളും റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളും പൊതുജനങ്ങളും പങ്കെടുക്കുന്ന ബോധവത്കരണ പരിപാടിയിൽ ശൈശവ വിവാഹം, സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം, ലിംഗപരമായ അതിക്രമങ്ങളിലൂടെ സ്ത്രീകൾ നേരിടുന്ന സാമൂഹിക, മാനസിക പ്രത്യാഘാതങ്ങൾ വിഷയങ്ങൾ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.