കരുനാഗപ്പള്ളി: പോത്തുകച്ചവടത്തിന്‍റെ മറവിൽ കർണാടകയിൽ നിന്ന് സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തിവന്ന സംഘത്തിലെ രണ്ടുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
തഴവ പുലിയൂർവഞ്ചി വടക്ക് കാട്ടയ്യത്ത് കിഴക്കതിൽ വീട്ടിൽ കൊത്തിപൊടി എന്ന റമീസ് (36), കുലശേഖരപുരം കടത്തൂർ പുതുശ്ശേരി വീട്ടിൽ ഫൈസൽ (21) എന്നിവരെയാണ് കർണാടകയിൽ നിന്ന് ചില്ലറ വില്പനക്കായി കൊണ്ടുവന്ന 32 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് സ്കൂൾ-കോളജ് എന്നിവ തുറന്നതിനോടനുബന്ധിച്ച് ജില്ലയിലെ വിവിധയിടങ്ങളിലെ വിദ്യാർഥികൾക്കും മറ്റ് ചെറുപ്പക്കാർക്കും സിന്തറ്റിക് ഇനത്തിലുള്ള മയക്കുമരുന്ന് ലഭ്യത തടയുക എന്ന ലക്ഷ്യത്തോടെ സിറ്റി പൊലീസ് കമീഷണർ ടി. നാരായണന്‍റെ നിർദേശപ്രകാരം നടന്നുവരുന്ന ആന്‍റി നാർകോട്ടിക് ഡ്രൈവിന്‍റെ ഭാഗമായാണ് ഇവർ പിടിയിലായത്.
കൊല്ലം ഉമയനല്ലൂർ സ്വദേശിയായ യുവാവിനും യുവതിക്കും എം.ഡി.എം.എ വിൽപന നടത്താൻ വരുമെന്ന് രഹസ്യവിവരം ലഭിക്കുകയും അതിന്‍റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ് കുമാറിന്‍റെ നിർദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ആർ. ശ്രീകുമാർ, ജിമ്മി ജോസ്, എ.എസ്.ഐമാരായ നന്ദകുമാർ, ഷാജിമോൻ, സീസർ, എസ്.സി.പി.ഒ മാരായ രാജീവ്, ഹാഷിം, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. 2010 കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞയാളാണ് റമീസ്. എം.ഡി.എം.എ എന്ന മയക്കുമരുന്നിൽ കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ കരുനാഗപ്പള്ളി െപാലീസ് പിടികൂടുന്ന എട്ടാമത്തെ കേസാണിത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.