മണ്ണഞ്ചേരി: റോഡുമുക്ക് പ്രദേശത്ത് ലഹരി മാഫിയ സംഘങ്ങൾ നാട്ടുകാരുടെ സ്വൈരജീവിതം തകർക്കുന്നു. ലഹരി സംഘത്തിന്റെ ആക്രമണത്തിൽനിന്ന് രക്ഷനേടാൻ യുവാവ് ഓടിക്കയറിയ വീട് അടിച്ചു തകർത്തതാണ് ഒടുവിലെ സംഭവം. മണ്ണഞ്ചേരി റോഡുമുക്ക് ജങ്ഷന് കിഴക്ക് ബ്യൂട്ടിവെളിക്ക് സമീപം രാരീരത്തിൽ രഘുനാഥൻ നായരുടെ (അപ്പൻ) വീടാണ് കഴിഞ്ഞ ദിവസം ആക്രമിച്ചത്. ഐ.എൻ.ടി.യു.സി നേതാജി മണ്ഡലം പ്രസിഡന്റാണ് രഘുനാഥൻ നായർ. രഘുനാഥൻ നായരുടെ ബന്ധുകൂടിയായ രാധാകൃഷ്ണനെ ആക്രമിക്കാനാണ് സംഘം പിന്നാലെ കൂടിയത്. കഴിഞ്ഞദിവസം രാധാകൃഷ്ണനും ലഹരി മരുന്നുസംഘത്തിലെ കണ്ണിയായ അഷ്കറും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതിന്റെ തുടർച്ചയാണ് ആക്രമണം.
റോഡുമുക്കിൽ അഷ്കറിന്റെ നേതൃത്വത്തിൽ ആക്രമിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് രാധാകൃഷ്ണൻ ഓടി രക്ഷപ്പെട്ട് രഘുനാഥൻ നായരുടെ വീട്ടിൽ അഭയം തേടിയത്. പിന്നാലെ വീട്ടിലെത്തിയ സംഘം വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചു. വാതിലിൽ അരിവാൾ കൊണ്ടുവെട്ടി. വാതിൽ തുറക്കാതെ വന്നതിനെത്തുടർന്ന് ജനാലച്ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു. ഈ സമയം മുറിക്കുള്ളിൽ ഉണ്ടായിരുന്ന രഘുനാഥൻ നായരുടെ കൊച്ചുമക്കളായ ജ്യോതിക (14), ദേവിക (11) എന്നിവർ ഭയന്നു നിലവിളിച്ചു. സംഭവം കണ്ട് കട്ടിലിൽനിന്ന് എഴുന്നേൽക്കാനുള്ള ശ്രമത്തിനിടെ നിലത്തുവീണ് രഘുനാഥൻ നായരുടെ ഭാര്യ ശശികക്ക് (69) പരിക്കേറ്റു. രാധാകൃഷ്ണൻ വീടിന്റെ പിൻവാതിലിലൂടെ ഓടിരക്ഷപ്പെട്ടു. അക്രമിസംഘം പിന്നീട് പ്രദേശത്ത് വെൽഡിങ് വർക്ക് ഷോപ്പ് നടത്തുന്ന ഗിരീഷുമായും വാക്കേറ്റത്തിലാകുകയും ഇയാളെ ആക്രമിക്കുകയും ചെയ്തു.
റോഡുമുക്ക് കേന്ദ്രീകരിച്ച് ലഹരി മാഫിയകൾ തഴച്ചുവളരുകയാണെന്നും സംഘങ്ങൾക്കെതിരെ അടിയന്തരനടപടി സ്വീകരിക്കണമെന്നും കോൺഗ്രസ്, ഐ.എൻ.ടി.യു.സി നേതാക്കളായ എൻ. ചിദംബരൻ, പി. ശശികുമാർ, പി. തമ്പി, എം.പി. ജോയ് എന്നിവർ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രദേശവാസി അഷ്കറിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. ഇയാളുടെ സംഘത്തിലുണ്ടായിരുന്ന പ്രധാനികളായ പലരും കാപ്പ കേസിൽ ഇപ്പോൾ ജയിലിലാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.