കോഴിക്കോട്: മയക്കുമരുന്ന് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. വെസ്റ്റ്ഹിൽ തെരുവത്ത് ബസാർ സ്വദേശി കമ്മക്കകം പറമ്പ് ബൈത്തുൽ ഇബ്രാഹീം വീട്ടിൽ സക്കറിയയെയാണ് (32) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാലപ്പുറം കിഴക്കേക്കോട്ട പറമ്പ് പി.കെ. അരവിന്ദ് ഷാജോയെയാണ് (26) അഞ്ചുപേർ ചേർന്ന് ഞായറാഴ്ച കാറിൽ കടത്തിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് പുതിയങ്ങാടി പള്ളിക്കണ്ടി ബൈത്തുൽ ഫിനിതയിൽ മുഹമ്മദ് അനസ് (32), പുതിയങ്ങാടി പള്ളിക്കണ്ടി സഫീർ (28), വയനാട് പടിഞ്ഞാറത്തറ വള്ളുവശ്ശേരി വി.എം. റംഷാദ് (28), കുന്നത്തുപാലം ഗുരുവായൂരപ്പൻ കോളജിനടുത്ത് മന്നറയിൽ കെ.എം. നിസാമുദ്ദീൻ (25) എന്നിവരെ ഞായറാഴ്ചതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ പൊലീസ് പിടിയിലാവുമ്പോൾ ഓടിരക്ഷപ്പെട്ടയാളാണ് സക്കറിയ. അറസ്റ്റിലായവരിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സക്കറിയയെ തിരിച്ചറിഞ്ഞതും പിടികൂടിയതും. കുറ്റിക്കാട്ടൂരിലെ വാടകവീട്ടിൽനിന്നാണ് യുവാവിനെ വിളിച്ചിറക്കി കൊണ്ടുപോയത്. മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെട്ട പണ ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. റംഷാദിൽനിന്ന് 10,000 രൂപ അരവിന്ദ് വാങ്ങിയിരുന്നു. ഇതേചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിലെത്തിയത്. സംഘം അരവിന്ദിനെ വെള്ളയിലെ ഗോഡൗണിലെത്തിച്ച് മർദിക്കുകയും പിതാവിനെ വിളിച്ച് 20,000 രൂപ ആവശ്യപ്പെടുകയുമായിരുന്നു.
ഇതോടെ കുടുംബം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പ്രതികളുടെ മൊബൈൽ നമ്പർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
കേസിൽ ഒരാൾകൂടി പിടിയിലാവാനുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശൻ പറഞ്ഞു. പ്രതികളുടെ മറ്റു ബന്ധങ്ങളെല്ലാം അന്വേഷിച്ചുവരുകയാണ്. അറസ്റ്റിലായ അഞ്ചുപേരെയും കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.