മു​ജീ​ബ്​

തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകൽ ക്വട്ടേഷൻ കൊടുത്തയാൾ പിടിയിൽ

ആലുവ: ദേശീയപാതയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ കേസിൽ ക്വട്ടേഷൻ കൊടുത്തയാൾ പിടിയിൽ. ഏലൂർ മഞ്ഞുമ്മൽ കലച്ചൂർ റോഡിൽ വാടകക്ക് താമസിക്കുന്ന പാലക്കാട് തൃത്താല ആനിക്കര പയ്യാറ്റിൽ വീട്ടിൽ മുജീബിനെയാണ് (44) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾക്കുവേണ്ടി കാറിൽ കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ ഇയാൾതന്നെ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ക്വട്ടേഷൻ കൊടുത്ത് ഹാൻസും കാറും തട്ടിയെടുത്ത് മറിച്ചുവിൽക്കുകയായിരുന്നു മുജീബിന്‍റെ ലക്ഷ്യം. എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രധാന ഹാൻസ് മൊത്ത വിതരണക്കാരനാണ് ഇയാൾ.

കഴിഞ്ഞ 31ന് പുലർച്ച കമ്പനിപ്പടി ഭാഗത്തുവെച്ചാണ് ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദിച്ചശേഷം ഇയാളെ കളമശ്ശേരിയിൽ ഇറക്കിവിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നുകളയുകയായിരുന്നു.

ബംഗളൂരുവിൽനിന്ന് ഹാൻസ് ആലുവയിൽ എത്തിച്ചപ്പോഴാണ് സംഘം തട്ടിക്കൊണ്ടുപോയത്. സംഭവശേഷം ഒളിവിൽ കഴിയുകയായിരുന്ന മുജീബിനെ കളമശ്ശേരിയിൽ നിന്നാണ് പിടികൂടിയത്. ഇയാളുടെ കാറിലും വീട്ടിലുമായി സൂക്ഷിച്ച അഞ്ച് ചാക്ക് ഹാൻസ് പൊലീസ് പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു.

ഇയാൾ ഇതിന് മുമ്പും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘത്തിലെ അൻസാബ്, അരുൺ അജിത് എന്നിവരെ കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃതത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.എച്ച്.ഒ എൽ.അനിൽകുമാർ, എസ്.ഐ പി.എസ്. ബാബു, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.ബി. സജീവ് എന്നിവരാണുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി പറഞ്ഞു.

Tags:    
News Summary - Kidnapping at gunpoint The person who gave the quotation was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.