പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ട്രോളി ബാഗുകളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവ് പിടികൂടി.
ആന്ധ്രയിലെ പലാസയിൽനിന്ന് ഷാലിമാർ-തിരുവനന്തപുരം എക്സ്പ്രസിൽ പത്തനംതിട്ടക്ക് കൊണ്ടുപോയിരുന്ന കഞ്ചാവാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത്.
ട്രെയിനിൽ സംയുക്ത സംഘത്തിന്റെ പരിശോധന കണ്ട് വണ്ടിയിൽനിന്നിറങ്ങി സ്റ്റേഷന് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് 30 കിലോ കഞ്ചാവടങ്ങിയ വലിയ ട്രോളി ബാഗുകളുമായി പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി ബിജു (31), വലഞ്ചുഴി സ്വദേശി അഫ്സൽ (28) എന്നിവർ പിടിയിലാകുന്നത്. പത്തനംതിട്ടയിലും പരിസരപ്രദേശങ്ങളിലുമുള്ള ലഹരിക്കച്ചവടത്തിലെ പ്രധാന കണ്ണികളായ ഇരുവരും നിരവധി സമാനകേസുകളിൽ നിലവിൽ പ്രതികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പിടികൂടിയ കഞ്ചാവിന് വിപണിയിൽ പതിനഞ്ച് ലക്ഷത്തോളം രൂപ വില വരും. കർശന പരിശോധനകൾ തുടരുമെന്ന് ആർ.പി.എഫ്-എക്സൈസ് വൃത്തങ്ങൾ അറിയിച്ചു. ആർ.പി.എഫ് സി.ഐ എൻ. കേശവദാസ്, എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. അജിത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർ.പി.എഫ് എ.എസ്.ഐ എസ്.എം. രവി, ഹെഡ് കോൺസ്റ്റബിൾമാരായ എൻ. അശോക്, ഒ.കെ. അജീഷ്, കോൺസ്റ്റബിൾ പി.പി. അബ്ദുൽ സത്താർ, സിവിൽ എക്സൈസ് ഓഫിസർമാരായ കബീർ, വിനു, ബിനു, അജീഷ് എന്നിവരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.