മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയിൽ സ്കൂൾ കോളജ് വിദ്യാർഥികൾക്കിടയിൽ എം.ഡി.എം.എ വിൽപന നടത്തിവന്ന സംഘത്തിന്റ തലവനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.മൂവാറ്റുപുഴയിൽ വ്യാപക മയക്കുമരുന്ന് വിപണനവും ഉപഭോഗവും നടത്തിവന്ന പെരുമറ്റം പാറയ്ക്കക്കുടിയിൽ റസലുണ്ട എന്ന റസൽ അലിയാണ് (34) 0.794 ഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവുമായി പിടിയിലായത്. മൂവാറ്റുപുഴയിലെയും പരിസരങ്ങളിലെയും വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് ഇയാൾ വിൽപന നടത്തിവന്നിരുന്നത്.
വീട് കേന്ദ്രീകരിച്ചാണ് മയക്കുമരുന്നു വിൽപന നടത്തുന്നതെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ എക്സൈസ് ഷാഡോ സംഘത്തിന്റ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ പക്കൽനിന്നു മയക്കുമരുന്ന് ഉപയോഗിക്കാനാവശ്യമായ ഉപകരണങ്ങൾ, ഇലക്ട്രിക് ത്രാസുകൾ എന്നിവയും പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ പ്രതിയുടെ മറ്റു കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായും ഇവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആന്റോ അറിയിച്ചു.രഹസ്യവിവരത്തെ തുടർന്ന് കുറച്ചുദിവസങ്ങളായി പ്രതി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
പ്രിവന്റിവ് ഓഫിസർ പി.പി. ഹസൈനാർ, സാബു കുര്യാക്കോസ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ബു. ലിബു, കെ.എ. റസാഖ്, കെ.കെ. രാജേഷ്, ജിനേഷ് കുമാർ, സുനിൽ, നൈനി മോഹൻ, ശാലു, എക്സൈസ് ഡ്രൈവർ റെജി എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.