കായംകുളം: മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ ഡി.വൈ.എഫ്.ഐ ദേവികുളങ്ങര മേഖല കമ്മിറ്റി അംഗം പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശ്ശേരിതറയിൽ അമ്പാടി (21) കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് ക്വട്ടേഷൻ സംഘാംഗങ്ങൾ പിടിയിൽ. കാപ്പിൽ മേക്ക് ചന്ദ്രാലയത്തിൽ അമിതാബ് ചന്ദ്രൻ (31), വിജിത് (വിച്ചു 28), അക്ഷയ് ചന്ദ്രൻ (26) എന്നിവരാണ് കസ്റ്റഡിയിലായത്. ചൊവ്വാഴ്ച വൈകീട്ട് കാപ്പിൽകിഴക്ക് മാവനാൽകുറ്റി ജങ്ഷന് സമീപമുണ്ടായ അക്രമത്തിൽ കത്തിക്ക് വെട്ടേറ്റാണ് അമ്പാടി കൊല്ലപ്പെട്ടത്.
കാപ്പിൽ കുറക്കാവ് ഭാഗത്ത് ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെയുണ്ടായ തർക്കമാണ് തുടർച്ചയായ സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. ഇതുവഴി ബൈക്കിലെത്തിയ അമ്പാടിയുടെ സുഹൃത്തുക്കളും പുതുപ്പള്ളി സ്വദേശികളുമായ ആദർശ്, അനന്തു എന്നിവരെ കുപ്രസിദ്ധ കുറ്റവാളിയും കാപ്പ കേസിൽ അടക്കം പ്രതിയുമായ അക്ഷയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കുകൾ തമ്മിൽ തട്ടിയതാണ് പ്രകോപന കാരണമെന്നാണ് പൊലീസ് പറയുന്നത്.
മർദനവിവരം അറിഞ്ഞാണ് അമ്പാടി ഇവിടേക്ക് എത്തുന്നത്. തുടർന്ന് മർദനേമറ്റവരുമായി ചൂനാട് ഭാഗത്തേക്ക് പോകുകയായിരുന്ന അമ്പാടിയും അമിതാബ് ചന്ദ്രനും വിജിത്തുമായി പിന്നെയും തർക്കമായി. ഇതിനിടയിൽ അമിതാബ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അമ്പാടിയുടെ കഴുത്തിൽ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വെട്ടേറ്റ സുഹൃത്ത് അനന്തു കായംകുളം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. ക്വട്ടേഷൻ മാഫിയ സംഘങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.
പോസ്റ്റ്മോർട്ടം നടപടിക്കുശേഷം കായംകുളത്തുനിന്ന് വിലാപയാത്രയായി വീട്ടിലെത്തിച്ച മൃതദേഹം ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മന്ത്രി സജി ചെറിയാൻ, ജില്ല സെക്രട്ടറി ആർ. നാസർ, ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, അഡ്വ. യു. പ്രതിഭ എം.എൽ.എ, എച്ച്. സലാം എം.എൽ.എ, എം.എസ്. അരുൺകുമാർ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാൻ, ജില്ല കമ്മിറ്റി അംഗങ്ങളായ പി. ഗാനകുമാർ, എൻ. ശിവദാസൻ, പഞ്ചായത്ത് പ്രസിഡന്റ് പവനനാഥൻ എന്നിവർ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.