കൊച്ചി: നരബലിക്ക് മുമ്പ് പ്രതികള്‍ കാളിപൂജ നടത്തിയതായി പൊലീസിന് സൂചന ലഭിച്ചു. രണ്ടാമത്തെ നരബലി സമയത്താണ് പ്രതികള്‍ കാളിപൂജ നടത്തിയത്. പത്മയെ കൊലപ്പെടുത്തിയ സമയം തലക്ക് പിന്നിലായി കാളിയുടെ ചിത്രംവെച്ച് അതിന് മുന്നില്‍ വിളക്ക് കത്തിച്ചു. നരബലി ഫലിക്കണമെങ്കില്‍ ഇങ്ങനെ ചെയ്യണമെന്ന് ആഭിചാര ഗ്രന്ഥങ്ങളിലുണ്ടെന്നാണ് ഭഗവല്‍ സിങ് ചോദ്യം ചെയ്യലില്‍ മറുപടി നല്‍കിയത്. പ്രതികള്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ടെന്നും ഏതൊക്കെ കാര്യങ്ങളില്‍ വസ്തുതയുണ്ടെന്ന് പരിശോധിച്ച് വരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
നരബലിക്കേസിൽ പ്രതികളുമായുള്ള തെളിവെടുപ്പും ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്. ഇരട്ടക്കൊലപാതകത്തിന് മുമ്പ് എറണാകുളത്ത് മറ്റൊരു കൊലപാതകം നടത്തിയതായി ഷാഫി തന്നോട് പറഞ്ഞിരുന്നെന്ന് മൂന്നാം പ്രതി ലൈല പൊലീസിനോട് വെളിപ്പെടുത്തി. പ്രതികളെ വെവ്വേറെ ചോദ്യം ചെയ്തപ്പോഴാണ് ഒന്നാം പ്രതി ഷാഫിയുടെ മുന്‍കാല ചെയ്തികള്‍ സംബന്ധിച്ച് ലൈലയുടെ മൊഴി.
എറണാകുളത്ത് മറ്റൊരു കൊലപാതകം നടത്തിയതായി ഒരു വര്‍ഷം മുമ്പാണ് ഷാഫി ലൈലയോട് പറഞ്ഞത്. ഇലന്തൂരെ വീടിന്റെ തിണ്ണയിലിരുന്ന് നരബലിയെപ്പറ്റി സംസാരിക്കുമ്പോഴായിരുന്നു ഇത്. കൊലപ്പെടുത്തിയ ശേഷം മനുഷ്യമാംസം വിറ്റെന്നും നല്ല കാശ് കിട്ടിയെന്നും ഷാഫി പറഞ്ഞിരുന്നു. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ലെന്നാണ് ലൈല പൊലീസിന് നല്‍കിയ മൊഴി.ദമ്പതികളെ വിശ്വസിപ്പിക്കാന്‍ താന്‍ പറഞ്ഞ കള്ളമാണിതെന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഷാഫിയുടെ മറുപടി.
തെളിവെടുപ്പിന്‍റെ ഭാഗമായി, കൊല്ലപ്പെട്ട പത്മയെ ഷാഫി ഇലന്തൂരിലേക്ക് കൊണ്ടുപോയ സംഭവം കഴിഞ്ഞ ദിവസം പുനരാവിഷ്‌കരിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ നടന്ന സംഭവങ്ങളാണ് പ്രതിയോടൊപ്പം പൊലീസ് പുനരാവിഷ്‌കരിച്ചത്. തെളിവെടുപ്പ് ഇന്നും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.