വധശ്രമ കേസിൽ ശിക്ഷിക്കപ്പെട്ടവർ

വധശ്രമ കേസിൽ വയോധികനും മക്കൾക്കും 10 വർഷം കഠിന തടവും പിഴയും

ഒറ്റപ്പാലം: വധശ്രമ കേസിൽ പ്രതികളായ വയോധികനും മക്കൾക്കും 10 വർഷം കഠിന തടവും അരലക്ഷം പിഴയും കോടതി ശിക്ഷ വിധിച്ചു. കയിലിയാട് തലശ്ശേരി പറമ്പിൽ വേലുദാസിനെ (41) വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികളായ കയിലിയാട് ഞാളൂർ പള്ളിയാലിൽ വീട്ടിൽ തങ്കമണി എന്ന നാരായണൻ (62), മക്കളായ ഗിരീഷ് (32), വാവ എന്ന ഉണ്ണികൃഷ്ണൻ (31) എന്നിവരെയാണ് ഒറ്റപ്പാലം അഡീ. ജില്ല സെഷൻസ് കോടതി ജഡ്ജി പി. സൈതലവി ശിക്ഷിച്ചത്.

വേലുദാസിനെ വധിക്കാൻ ശ്രമിച്ചതിന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും വെട്ടരിവാൾ കൊണ്ട് ഇരുകാലുകളിലും വെട്ടി ഗുരുതരമായി പരിക്കേൽപിച്ചതിന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും ദേഹോപദ്രവം ഏൽപിച്ചതിന് ആറുമാസം തടവും തടഞ്ഞുവെച്ചതിന് 15 ദിവസത്തെ തടവുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസംകൂടി അധിക തടവ് അനുഭവിക്കണം. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

2017 ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം. രാത്രി എട്ടരയോടെ പ്രതികളായ ഗിരീഷും ഉണ്ണികൃഷ്ണനും ചേർന്ന് കയിലിയാട് കാരങ്ങാട്ടുപറമ്പിൽ വേലുദാസിനെ തടഞ്ഞുവെക്കുകയും ഒന്നാം പ്രതി നാരായണൻ വെട്ടരിവാൾകൊണ്ട് ഇരുകാലുകളിലും വെട്ടി ഗുരുതര പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായുമാണ് കേസ്. സംഭവത്തിന്റെ തലേന്ന് നാരായണനും വേലുദാസനും തമ്മിൽ കുളപ്പുള്ളിയിൽ ഉന്തും തള്ളും നടന്നിരുന്നു. അതിന്‍റെ വിരോധത്തിലാണ് വധശ്രമമെന്നാണ് കണ്ടെത്തൽ.

അന്നത്തെ ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ പി. അബ്ദുൽ മുനീർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. ഹരി ഹാജരായി. കേസിൽ 20 സാക്ഷികളെ വിസ്തരിക്കുകയും അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച 26 രേഖകളും മൂന്നു മുതലുകളും പരിഗണിക്കുകയും ചെയ്തു

Tags:    
News Summary - Elderly and children sentenced to 10 years rigorous imprisonment and fine in attempted murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.