മോഷണം നടന്ന സ്ഥാപനത്തിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു

ഭാര്യയുടെ സ്ഥാപനത്തിൽ മോഷണം നടത്താൻ ക്വട്ടേഷൻ നൽകിയ പരിസ്ഥിതി പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട്: ഭാര്യയുടെ വ്യവസായ സ്ഥാപനത്തിൽ മോഷണം നടത്താൻ ക്വട്ടേഷൻ നൽകിയയാൾ അറസ്റ്റിൽ. പരിസ്ഥിതി പ്രവർത്തകൻ അറുമുഖൻ പത്തിച്ചിറയാണ് പൊലീസിന്‍റെ പിടിയിലായത്. പാലക്കാട് മുതലമടയിലെ ഹാപ്പി ഹെർബൽ കെയർ എന്ന സ്ഥാപനത്തിലാണ് ആഗസ്റ്റ് 13ന് മോഷണം നടന്നത്. മൂന്ന് മൊബൈൽ ഫോണുകൾ, ഹാര്‍ഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, പെൻഡ്രൈവുകൾ, സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ, പാസ്‌വേഡുകൾ എഴുതിവെച്ച ഡയറി, കാറിന്‍റെ താക്കോൽ എന്നിവയാണ് നഷ്ടപ്പെട്ടിരുന്നത്. രണ്ട് കമ്പ്യൂട്ടർ തല്ലിത്തകർക്കുകയും ചെയ്തു.

കേസിൽ നാട്ടുകൽ സ്വദേശി ഷമീർ, പൊന്നാനി സ്വദേശി സുഹീൽ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് മോഷണം നടത്താൻ ക്വട്ടേഷൻ ലഭിച്ചതാണെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. വെട്ടുകേസിൽ അറസ്റ്റിലായി ചിറ്റൂർ ജയിലിൽ കഴിയവെയാണ് അറുമുഖൻ പത്തിച്ചിറ സഹതടവുകാർക്ക് ഭാര്യയുടെ സ്ഥാപനത്തിലെ മോഷണത്തിന് 50,000 രൂപക്ക് ക്വട്ടേഷൻ നൽകിയത്. കമ്പനിയുടെ ഉൽപന്നങ്ങൾ നിർമിക്കുന്നതിന്‍റെ വിവരങ്ങളടങ്ങിയ പ്രധാന രേഖകൾ മോഷണം പോയിരുന്നു.

പരിസ്ഥിതി പ്രവർത്തകനായ അറുമുഖൻ പത്തിച്ചിറയും ഭാര്യ അർഷാദും നാളുകളായി അകന്നു കഴിയുകയാണ്. അറുമുഖൻ ഹെർബൽ ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനി തുടങ്ങിയെങ്കിലും വിജയിച്ചിരുന്നില്ല. ഇതൊടെയാണ് മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഭാര്യയുടെ സ്ഥാപനം തകർക്കാൻ പ്രധാന രേഖകൾ മോഷ്ടിക്കാൻ ക്വട്ടേഷൻ നൽകിയത്. കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്ത അറുമുഖൻ റിമാൻഡിലാണ്.

Tags:    
News Summary - Environmental activist who issued a citation for stealing from his wife's business was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.