വെള്ളിമാട്കുന്ന്: വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ ഫോറൻസിക് വിദഗ്ധരും പൊലീസും തെളിവെടുത്തു. എൻ.ജി.ഒ ക്വാർട്ടേഴ്സിനു സമീപം എൻ.പി റോഡിൽ കളരിപ്പറമ്പ സന്ദീപിന്റെ വീട്ടിലേക്ക് രണ്ട് പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിലാണ് ഫോറൻസിക് വിഭാഗവും ചേവായൂർ പൊലീസും വീട്ടിലെത്തി തെളിവെടുത്തത്. തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. വീട്ടിൽ പൊട്ടിത്തെറി ശബ്ദം കേട്ടതോടെ സന്ദീപ് വാതിൽ തുറന്ന് പുറത്തുചാടി. ബോംബെറിഞ്ഞ ഒരാളെ പിടികൂടാൻ ശ്രമിക്കവെ മറ്റുള്ളവർ ഓടിയെത്തി സന്ദീപിനെ തള്ളിയിട്ട് എല്ലാവരും രക്ഷപ്പെടുകയായിരുന്നു. വീടിന്റെ മുൻഭാഗത്തെ ചുമരിലേക്കും കോലായയിലേക്കുമാണ് പെട്രോൾ ബോംബെറിഞ്ഞത്.
ചുമരിലേക്കെറിഞ്ഞ ബോംബിൽനിന്ന് തീ പടർന്നെങ്കിലും പൊട്ടിയിരുന്നില്ല. കോലായയിൽ പൊട്ടിയ ബോംബിൽനിന്ന് തീ ആളിപ്പടരുകയും സമീപത്തെ ചാക്ക് കെട്ടുകൾക്ക് തീ പിടിക്കുകയും ചെയ്തു. പ്രതികളെ കുറിച്ച് പൊലീസിന് വിവരം നൽകിയിട്ടുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവത്തിൽ ചോദ്യം ചെയ്തതിന്റെ പകരം തീർക്കാനാണ് പെട്രോൾ ബോംബെറിഞ്ഞതെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഫോറൻസിക്കിന്റെ പരിശോധനഫലം കൂടി ലഭിച്ചശേഷം സ്ഫോടകവസ്തു നിയമത്തിലെ വകുപ്പുകൾകൂടി ചേർക്കുമെന്ന് ചേവായൂർ എസ്.ഐ ഡി. ഷബീബ് റഹ്മാൻ പറഞ്ഞു. സംഭവത്തിൽ സംശയമുള്ളതായി ആരോപണമുള്ള ആളിന്റെ ബൈക്ക് തിങ്കളാഴ്ച രാത്രി തകർത്തിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്.ഐ ഡി. ഷബീബ് റഹ്മാനു പുറമെ വിരലടയാള വിദഗ്ധൻ പി. ശ്രീരാജ്, സയന്റിഫിക് ഓഫിസർ കെ.എസ്. ശ്രീലേഖ, ഫോട്ടോഗ്രാഫർ ഹാരിസ് പാതിരിക്കോട്, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജീവ് പാലത്ത് എന്നിവരാണ് ചൊവ്വാഴ്ച പരിശോധനക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.