അടിമാലി: ബൈസൺവാലി പഞ്ചായത്തിൽ വ്യാജരേഖ ചമച്ച് അഞ്ച് കെട്ടിടത്തിന് നമ്പർ നൽകിയ കേസിൽ മുൻ സീനിയർ ക്ലർക്ക് തിരുവനന്തപുരം പൂവാർ പരണിയം കാരുണ്യഭവനിൽ അനീഷ് കുമാറിനെ (36) രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഉത്തരവുപ്രകാരം സ്റ്റേഷനിൽ ഹാജരായ അനീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് അടിമാലി കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം.
സെക്രട്ടറിയും മറ്റ് ജീവനക്കാരും ഓഫിസിലെത്തും മുമ്പ് ഉദ്യോഗസ്ഥരുടെ ഡിജിറ്റൽ ഒപ്പുകൾ കൈവശപ്പെടുത്തിയാണ് അനീഷ് കുമാർ ക്രമക്കേട് നടത്തിയത്. റിസോർട്ടുകൾ ഉൾപ്പെടെ അഞ്ച് കെട്ടിടത്തിനാണ് ഇത്തരത്തിൽ നമ്പർ നൽകിയത്. പഞ്ചായത്ത് വിജിലൻസ് വിഭാഗമാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് പഞ്ചായത്ത് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. ഈ കെട്ടിടങ്ങളുടെ നമ്പറുകൾ പഞ്ചായത്ത് ഡയറക്ടർ റദ്ദാക്കി. അനീഷിനെ മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജാക്കാട് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.