ഷാർജ: കള്ളനോട്ടടിക്കുകയും ഉപയോഗിക്കുകയും ചെയ്ത എട്ടംഗസംഘത്തെ ഷാർജ പൊലീസ് പിടികൂടി. ഒരു സംഘം വിദേശ കറൻസിയുടെ കള്ളനോട്ടുകൾ അടിക്കുന്നതായ റിപ്പോർട്ടുകളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായതെന്ന് കേണൽ ഉമർ ബുവൽസൂദ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതോടെ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചാണ് പ്രതികളെ കണ്ടെത്തിയത്.
അടുത്ത കാലത്ത് യു.എ.ഇയിൽ എത്തിച്ചേർന്നവരാണ് അറസ്റ്റിലായവർ. വിപണിയിൽ നിലവിലുള്ള നിരക്കിനേക്കാൾ കുറഞ്ഞ വിലയിൽ വിദേശ കറൻസിയാണ് ഇവർ നൽകിയിരുന്നത്. സംഘാംഗങ്ങളെ ഓരോരുത്തരെയായി പിന്തുടർന്നാണ് അന്വേഷണ സംഘം പ്രതികളെ മുഴുവൻ പിടികൂടിയത്. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ വ്യാജ വിദേശ കറൻസി നോട്ടുകൾ, കള്ളനോട്ടടിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, സാങ്കേതിക ഉപകരണങ്ങൾ എന്നിവ കണ്ടെത്തി. അതീവരഹസ്യമായി പ്രവർത്തിച്ച സംഘത്തെ ജാഗ്രതയോടെ പ്രവർത്തിച്ച് പിടികൂടിയ പൊലീസിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ഡയറക്ടർ അഭിനന്ദിച്ചു.സമാനമായ കുറ്റകൃത്യങ്ങൾ തടയുന്നതിന് സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യാൻ മടിക്കരുതെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.