നിലമ്പൂർ: സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ നിലമ്പൂർ പൊലീസ് കേസെടുത്തു.
മമ്പാട് സ്വദേശി ചങ്ങരായി മൂസക്കുട്ടിയുടെ മകൾ ഹിബയുടെ പരാതിയിലാണ് ഭർത്താവ് അരീക്കോട് തെഞ്ചീരി കുറ്റിക്കാടൻ അബ്ദുൽ ഹമീദ്, പിതാവ് ഇസ്മായിൽ, മാതാവ് ഫാത്തിമ എന്നിവർക്കെതിരെ സ്ത്രീപീഡനത്തിന് കേസെടുത്തത്. കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് ഭർത്താവും കുടുംബവും മകളെ പീഡിപ്പിക്കുന്നെന്ന് ഫോണിൽ വിഡിയോ ചിത്രീകരിച്ച് ഹിബയുടെ പിതാവ് മൂസക്കുട്ടി സെപ്റ്റംബർ 23ന് റബർ തോട്ടത്തിൽ തൂങ്ങി മരിച്ചിരുന്നു. ഇദ്ദേഹം ജീവനൊടുക്കാൻ കാരണം സഹോദരിയുടെ ഭർത്താവും കുടുംബവുമാണെന്നാരോപിച്ച് അബ്ദുൽ ഹമീദിെൻറ മകൻ റിൻഷാദ് വണ്ടൂർ പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത വണ്ടൂർ പൊലീസ് അന്വേഷണം നിലമ്പൂരിലേക്ക് കൈമാറിയിരുന്നു. ഇതിനിടെ, ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള മൂസക്കുട്ടിയുടെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അന്വേഷണം നടക്കുന്നതിനിടയിലാണ് തിങ്കളാഴ്ച ഹിബ നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്. 2020 ജനുവരി 12നാണ് ഹിബയും അബ്ദുൽ ഹമീദും വിവാഹിതരായത്. ഇവർക്ക് ഒരു കുഞ്ഞുണ്ട്. ടാപ്പിങ് തൊഴിലാളിയായിരുന്നു മരിച്ച മൂസക്കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.