തിരൂർ (മലപ്പുറം): കഞ്ചാവ് കടത്തിയ കേസിൽ സിനിമ അസിസ്റ്റന്‍റ് കാമറമാനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടിയം ചിറവിള പുത്തൻവീട്ടിൽ അശോക് എന്ന സുമിത്തിനെയാണ് (22) അറസ്റ്റ് ചെയ്തത്. 2021 നവംബറിൽ തിരൂർ ആലിങ്ങലിൽ പൊലീസ് വാഹന പരിശോധനക്കിടെയാണ് കേസിനാസ്പദമായ സംഭവം.
പ്രതിയും സംഘവും കാറിൽ കാസർകോട്ടുനിന്ന് കൊല്ലത്തേക്ക് പോകുംവഴി ആലിങ്ങലിൽ വാഹനത്തിൽനിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രതികളിൽ ഒരാളെ തിരൂർ പൊലീസ് കഴിഞ്ഞ മാർച്ചിൽ കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു. തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ പ്രമോദ്, രാജേഷ്, ജയപ്രകാശ്, സുമേഷ് എന്നിവരടങ്ങിയ അന്വേഷണസംഘം പ്രതിയെ തിരുവനന്തപുരം തമ്പാനൂരിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്.
സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നും മുമ്പും നിരവധി തവണ കാസർകോട്ടുനിന്ന് എത്തിച്ച് കച്ചവടം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ മഞ്ചേരി സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.