കോഴിക്കോട്: നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ സഹായിച്ചതിന് പൊലീസ് കേസെടുത്ത ഐ.ടി വിദഗ്ധൻ സായി ശങ്കറിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയും. 45 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായി കോഴിക്കോട്ടെ വ്യവസായി മിൻഹാജാണ് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2019ലാണ് തുക കൈപ്പറ്റിയതെന്നും പണം തിരികെ ചോദിച്ചപ്പോൾ തോക്കുകാണിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
റവന്യൂ ഇന്റലിജൻസ് വിഭാഗം വിമാനത്താവളങ്ങളിൽ പിടികൂടുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ലേലത്തിൽ വിൽക്കുമ്പോൾ ഏറ്റെടുത്ത് വിപണിയിലേതിനേക്കാൾ കുറഞ്ഞ വിലക്ക് നൽകാമെന്ന് പറഞ്ഞാണ് ഇത്രയും തുക കൈക്കലാക്കിയത്. സാധനങ്ങൾ ലഭിക്കാതായതോടെ പണം തിരികെ ചോദിച്ചപ്പോൾ സായ് ശങ്കർ വിഡിയോ കോളിൽ വിളിച്ചാണത്രെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത്. നേരത്തെ മിൻഹാജ് പരാതി നൽകിയിരുന്നുവെങ്കിലും പണം കൈമാറിയത് സംബന്ധിച്ച തെളിവ് ഹാജരാക്കാൻ കഴിയാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. പുതിയ പരാതിക്കൊപ്പം ചില തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. ഇത് പൊലീസ് പരിശോധിച്ചുവരുകയാണ്.
ക്രൈംബ്രാഞ്ച് സംഘം സായ് ശങ്കറിന്റെ കാരപ്പറമ്പിലെ വീട്ടിലും ഭാര്യയുടെ സ്ഥാപനത്തിലും ഭാര്യ പിതാവിന്റെ ഫ്ലാറ്റിലും പരിശോധന നടത്തിയിരുന്നു. വീട്ടിൽനിന്ന് ഐ പാഡും രണ്ട് മൊബൈൽ ഫോണും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് സായ് ശങ്കറിന്റെ ഭാര്യ ഇസാ സബ്രീന സിറിലിനെയും ചോദ്യം ചെയ്തു. സായ് ശങ്കർ എവിടെയാണെന്ന് അറിയില്ലെന്നും പത്തുദിവസമായി കണ്ടിട്ടെന്നുമാണ് ഇവർ ഉദ്യോഗസ്ഥരെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.