വൈക്കം: ഇടപാടുകാരെ കബളിപ്പിച്ച് കുടുംബസമേതം മുങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. ടി.വി പുരം എസ്.എൻ ഫിനാൻസ് സ്ഥാപന ഉടമ സഹദേവൻ (61), ഭാര്യ ബിന്ദു (56) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ സഹദേവനും കുടുംബവും ഒളിവിൽ കഴിയുന്നുവെന്ന രഹസ്യവിവരം ജില്ല പൊലീസ് മേധാവിക്ക് ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വൈക്കം എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്.ഐ അജ്മൽ ഹുസൈൻ, എ.എസ്.ഐ പ്രമോദ്, രാജേഷ് ഖന്ന, സി.പി.ഒ സെയ്ഫുദ്ദീൻ, സുമംഗല എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പൊലീസ് സഹദേവനെയും ഭാര്യയെയും സ്റ്റേഷനിൽ എത്തിച്ചത്. ടി.വി പുരത്തുനിന്ന് പൊലീസ് വിളിച്ചുവരുത്തിയ പരാതിക്കാരനായ യുവാവ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളുമായി യുവാവ് സംസാരിക്കാൻ ശ്രമിച്ചത് ബഹളത്തിനും ഇടയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സഹദേവനും ഭാര്യ ബിന്ദുവും അയൽക്കാരനായ ടി.വി പുരം തൈമുറിയിൽ അശോകനെ കബളിപ്പിച്ച് ആധാരം സഹകരണ ബാങ്കിൽ പണയപ്പെടുത്തി പണം തട്ടിയിരുന്നു.സഹദേവൻ ആധാരം തിരികെ എടുത്ത് നൽകാതെ കുടുംബസമേതം മുങ്ങിയതിനെത്തുടർന്ന് അശോകൻ ജീവനൊടുക്കിയിരുന്നു. ഗൃഹനാഥൻ മരണപ്പെട്ടതിനുപിന്നാലെ നിരവധിപേരാണ് പണവും സ്വർണവും നഷ്ടപ്പെട്ടതായി ആരോപിച്ച് രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.