ബിഹാറിൽ ഭൂമി സംബന്ധിച്ച തർക്കത്തിനിടെ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു. അഞ്ച് പേരും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ബിഹാറിലെ ബേട്ടിയ ജില്ലയിലാണ് സംഭവം. ഉത്തരവാദിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ നക്തി പട്‌വാര ഗ്രാമത്തിൽ സ്ത്രീകൾ പ്രതിഷേധവുമായി ഇറങ്ങിയതോടെയാണ് വെടിവെയ്പ്പ് ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
1985ൽ സർക്കാർ, ഭൂരഹിതരായ തൊഴിലാളികൾക്കുള്ള ഗ്രാന്റിന്റെ ഭാഗമായാണ് ഭൂമി തങ്ങൾക്ക് നൽകിയതെന്ന് ഗ്രാമവാസികൾ അവകാശപ്പെടുന്നു. കുടിയിറക്കപ്പെട്ടവർ തങ്ങളുടെ അവകാശവാദം ഉന്നയിച്ചതോടെ വിഷയം കോടതിയിലേക്ക് നീങ്ങി. 2004 മുതൽ കോടതി ഈ ഭൂമിയിന്മേലുള്ള നടപടികൾ മരവിപ്പിച്ചു. എന്നാൽ ഇന്നലെ രാവിലെ സ്ഥലത്തിന്റെ മുൻ ഉടമ ശിശിർ ദുബെ ട്രാക്ടർ കൊണ്ടുവന്ന് ബലമായി നിലം ഉഴുതുമറിക്കാൻ ശ്രമിച്ചു. സ്ത്രീകൾ എതിർപ്പുമായി എത്തിയപ്പോൾ ഇയാൾ വെടിയുതിർക്കുതയും അഞ്ച് പേർക്ക് പരിക്കേൽക്കുകയുമായിരുന്നു.
സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായും ബേട്ടിയ പൊലീസ് സൂപ്രണ്ട് ഉപേന്ദ്രനാഥ് വർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.