പുനലൂർ: വിളക്കുവട്ടത്തെ വീട് കേന്ദ്രീകരിച്ചു വിൽപനക്ക് എത്തിച്ച രണ്ടര കിലോ കഞ്ചാവുമായി അഞ്ച് യുവാക്കൾ പിടിയിൽ.
പുനലൂർ കോമളംകുന്ന് ബിജു ഭവനിൽ അരുൺജിത്ത് (22), വിളക്കുവെട്ടം ചരുവിള പുത്തൻ വീട്ടിൽ നിതീഷ് (22), അയിലറ അരുണോദയത്തിൽ സൂരജ് (22), മൈലയ്ക്കൽ ദീപ്തി വിലാസത്തിൽ ഇന്ദ്രജിത്ത് (28), ചെമ്മന്തൂർ പകിടി ചരുവിള വീട്ടിൽ സുജീഷ് (22) എന്നിവരെയാണ് കൊല്ലം റൂറൽ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെല്ലാം കഞ്ചാവ് ചില്ലറ വിൽപനക്കാരാണ്. ചെറുപൊതികളാകുന്നതിനിടെയാണ് ഇവർ പിടിയിലായത്.
ഒഡീഷയിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ചത്. ആളൊഴിഞ്ഞ ഭാഗത്ത് രണ്ടു നില വീട്ടിലാണ് ഉടമസ്ഥയുടെ മകന്റെ നേതൃത്വത്തിൽ ഇവർ സംഘടിച്ചത്.
രണ്ടു നായ്ക്കളേയും വളർത്തിയിരുന്നു. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചവരെ സാഹസികമായി പിടികൂടി.
പുതിയ അധ്യയന വർഷം തുടങ്ങുന്നതിന് മുന്നോടിയായി ജില്ലയിലെ സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യം വച്ചാണ് കഞ്ചാവ് കൊണ്ടുവന്നത്.
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം തെന്മലയിൽ എത്തിക്കുകയും അവിടെനിന്നും ബൈക്കിൽ പുനലൂർ വഴി വിളക്കുവട്ടത്തെ വീട്ടിൽ എത്തിക്കുകയുമായിരുന്നു.
ഡാൻസാഫ് എസ്.ഐമാരായ ഉമേഷ്, ബിജു ഹക്ക്, അംഗങ്ങളായ സജു, അഭിലാഷ്, ദിലീപ് കുമാർ, വിപിൻ ക്ലീറ്റസ് എന്നിവരും പുനലൂർ പൊലീസും ചേർന്നാണ് വീട് വളഞ്ഞ് യുവാക്കളെ അറസ്റ്റ് ചെയ്ത്.
ഈ മാസം 15 മുതൽ സംസ്ഥാന വ്യാപകമായി നടക്കുന്ന എൻ.ഡി.പി.എസ് ഡ്രൈവിന്റെ ഭാഗമായി നടത്തുന്ന റെയ്ഡുകളുടെ ഭാഗമായാണ് പ്രതികളെ പിടികൂടിയതെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി സാബു മാത്യു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.