അമ്പലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യത. പുന്നപ്ര തെക്ക് പഞ്ചായത്ത് പൂമീൻ പൊഴിക്ക് സമീപം ശരവണ ഭവനിൽ ആർ. രജിമോളെയാണ് കഴിഞ്ഞദിവസം പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ സഹോദരൻ ഉൾപ്പെടെ മറ്റു ചിലരും കുടുങ്ങുമെന്നാണ് സൂചന.
യു.എ.ഇയിൽ ചോക്ലറ്റ് നിര്‍മാണ കമ്പനിയിൽ വിവിധ ഒഴിവുകളിലേക്ക് ജോലി വാഗ്ദാനം നൽകിയാണ് ഇവർ നിരവധിപേരിൽനിന്ന് പണം തട്ടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 104 പേരിൽനിന്ന് പണം വാങ്ങിയതായാണ് വിവരം.
തട്ടിപ്പിനിരയായവരും ബന്ധുക്കളും പുന്നപ്ര സ്റ്റേഷൻ ഉപരോധമുൾപ്പെടെ നടത്തിയപ്പോഴാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതി ഇപ്പോൾ റിമാൻഡിലാണ്. വഞ്ചന, മതിയായ രേഖകളില്ലാതെ വിദേശത്തേക്ക് ആളുകളെ കയറ്റിവിടുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കുമേൽ ചുമത്തിയത്.
പുന്നപ്ര തെക്ക് പള്ളി വെളി മുഹമ്മദ് നഹാസ് സന്ദർശന വിസയിൽ വിദേശത്ത് എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്.
തുടർന്ന് നഹാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ തട്ടിപ്പിന്റെ വിവരം വെളിച്ചത്താകുന്നത്. ഇവരുമായി ബന്ധപ്പെട്ട മറ്റു കണ്ണികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.