പൂക്കോട്ടുംപാടം: കൂറ്റമ്പാറയിൽ എക്സൈസ് സംഘം നടത്തിയ കഞ്ചാവ് വേട്ടയിൽ 183 കിലോ കഞ്ചാവും ഒരുലിറ്റർ ഹഷീഷ് ഓയിലും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ടു നാല് യുവാക്കളെ കസ്റ്റഡിയിലെടുത്തു. താഴെ കൂറ്റമ്പാറ സ്വദേശികളായ നെല്ലിക്കുന്ന് ഓടക്കൽ അലി (34), കല്ലിടുമ്പിൽ ജംഷാദ് (കുഞ്ഞിപ്പ -34), വടക്കുംപാടം അബ്ദുൽ ഹമീദ് (24), എടക്കര ഇല്ലിക്കാട് കളത്തിൽ ഷറഫുദ്ദീൻ (40) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
കൂറ്റമ്പാറ പരതകുന്നിൽ സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച പറമ്പിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് വെള്ളിയാഴ്ച പുലർച്ച ആറോടെ എക്സൈസ് സംഘം പിടികൂടിയത്.
ചെറു പ്ലാസ്റ്റിക് പാക്കറ്റുകളിലായി ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഹോണ്ട സിറ്റി കാറിലാണ് ഹഷീഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. ഏകദേശം രണ്ടുകോടിയോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത ലഹരിപദാർഥങ്ങൾ.
എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ കെ.വി. നിധിൻ, ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീക്, എക്സൈസ് കമീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗം നിലമ്പൂർ എക്സ്ചേഞ്ച് ഇൻസ്പെക്ടർ ടി. ഷിജുമോൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കഞ്ചാവും ഹഷീഷും ആന്ധ്രയിൽനിന്നാണ് കൊണ്ടുവന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഞ്ചാവ് സംഘത്തിലുണ്ടായിരുന്ന താഴെ കൂറ്റമ്പാറയിലെ ചേനമ്പാടം കല്ലായി സൽമാൻ (34), പോത്തുകല്ല് പാതാർ സ്വദേശിയും നിരവധി നാർകോട്ടിക് കേസുകളിൽ പ്രതിയുമായ പുള്ളിമാൻ എന്നുവിളിക്കുന്ന മഠത്തിൽ റഫീഖ്, അമരമ്പലം നരിപൊയിൽ സ്വദേശി പൊടിയാട്ട് വിഷ്ണു എന്നിവരാണ് എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ടത്. ഇവർക്കുവേണ്ടി എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആന്ധ്രയിൽനിന്ന് വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കേരളത്തിലേക്ക് കടത്തിയ തമിഴ്നാട് ഗൂഡല്ലൂർ സ്വദേശികൾക്ക് വേണ്ടിയും അന്വേഷണം ശക്തമാക്കിയുണ്ട്. ആന്ധ്രയിൽനിന്ന് ഇവർക്ക് കഞ്ചാവ് സംഘടിപ്പിച്ചുനൽകുന്ന കാളികാവ് ചാഴിയോട് സ്വദേശിയെക്കുറിച്ചും വിവരം ലഭിച്ചതായി എക്സൈസ് പറഞ്ഞു.
പ്രിവൻറിങ് ഓഫിസർമാരായ എം. ഹരികൃഷ്ണൻ, പി.വി. സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഇ.ടി. ജയാനന്ദൻ, ഇ. പ്രവീൺ, പി.സി. ജയൻ, ഇ. അഖിൽ ദാസ്, സി.ടി. ഷംനാസ്, സി.കെ. സബിൻ ദാസ്, എബിൻ സണ്ണി, പി. രാകേഷ് ചന്ദ്രൻ, കെ. പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.