തിരുവല്ല: 20 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി നാല് യുവാക്കൾ പിടിയിലായി. തിരുവല്ല മുത്തൂർ രാമഞ്ചിറ സഫീദ മൻസിലിൽ സഫീൻ സേട്ട് (40), പത്തനംതിട്ട മെഴുവേലി തുമ്പമൺ നോർത്ത് പടിഞ്ഞാറ്റിൻകര വീട്ടിൽ പ്രദീഷ് (30), മുളക്കുഴ അരീക്കര ലക്ഷംവീട് കോളനിയിൽ വലിയ കാലായിൽ വീട്ടിൽ ഹരീഷ് (32), മെഴുവേലി ആറണക്കോട് കിഴക്കകം പുത്തൻവീട്ടിൽ സഞ്ജു (30) എന്നിവരാണ് രാമൻചിറയിലെ മുക്കാട്ട് വീട്ടിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ പിടിയിലായത്.
നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ. വിദ്യാധരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും തിരുവല്ല പൊലീസും ചേർന്ന് നടത്തിയ റെയ്ഡിലാണ് പിടിച്ചെടുത്തത്.വീടിനുള്ളിലും കാർപോർച്ചിലുമായി സൂക്ഷിച്ച 30 ചാക്കോളം പുകയില ഉൽപന്നങ്ങളും ഇവ വിതരണം ചെയ്യുന്നതിനായി സംഘം ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളുടെ വിവിധ പ്രദേശങ്ങളിൽ നിരോധന പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്തിരുന്ന സംഘമാണ് പിടിയിലായതെന്ന് തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദ് പറഞ്ഞു.
ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കും. പിടിയിലായ നാലുപേരും മുമ്പും നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തിയ കേസിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. സി.ഐ ബി.കെ. സുനിൽ കൃഷ്ണൻ, എസ്.ഐ. അനീഷ് എബ്രഹാം, ഡാൻസാഫ് എസ്.ഐ. അനൂപ്, എ.എസ്.ഐമാരായ അജികുമാർ, സി.പി.ഒമാരായ മിഥുൻ ജോസ്, ബിനു അഖിൽ, പ്രസാദ്, കെ.എം. അനിൽകുമാർ എന്നിവർ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.