വെള്ളിമാട്കുന്ന്: വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. വെള്ളിമാട്കുന്ന് മേരിക്കുന്ന് പാറതൊടുകയിൽ എബിൻ ജോൺ (22), മുണ്ടിക്കൽതാഴം കോട്ടമ്പറമ്പ് തെക്കേ മേലേടത്ത് കെ.പി. അമൽ (22), മാവൂർ സ്വദേശി കന്നിപ്പറമ്പ് തീർഥക്കുന്ന് അനൂപ് നിവാസിൽ പി.അരുൺ (23), വെള്ളിമാട്കുന്ന് മേരിക്കുന്ന് തയ്യിൽ പുരയിൽ പി. ഷാമിൽ (21) എന്നിവരെയാണ് ചേവായൂർ പൊലീസ് ഇൻസ്പെക്ടർ കെ.കെ. ബിജു, എസ്.ഐ ഡി. ഷബീബ് റഹ്മാൻ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. എൻ.ജി.ഒ ക്വാട്ടേഴ്സിനു സമീപം എൻ.പി റോഡിൽ കളരിപ്പറമ്പ സന്ദീപിന്റെ വീട്ടിലേക്കാണ് കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചക്ക് രണ്ട് പെട്രോൾ ബോംബെറിഞ്ഞത്. പ്രദേശത്തെ മയക്കുമരുന്ന് വിൽപനക്കെതിരെ കൂട്ടായ്മ രൂപവത്കരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുകയായിരുന്നു. സാമൂഹിക വിരുദ്ധരെ ചോദ്യം ചെയ്തതിനെ തുടർന്ന് ഞായറാഴ്ച തർക്കവും കൈയാങ്കളിയും നടന്നിരുന്നു.
ഇതിനുള്ള പകരം വീട്ടലായാണ് സന്ദീപിന്റെ വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞത്. ഇവർ സംഘം ചേർന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ പൊലീസിന് മനസ്സിലായി. കോവൂരിലെ പെട്രോൾ പമ്പിൽനിന്നും പെേട്രാൾ വാങ്ങുന്ന ദൃശ്യവും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഷാമിലൊഴികെ മറ്റുള്ളവർക്കെതിരെ വിവിധ കേസ് പശ്ചാത്തലമുണ്ടെന്ന് എസ്.ഐ പറഞ്ഞു. ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. കൃത്യത്തിനുപയോഗിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.