തൃശൂർ: ബഡ്സ് ആക്ട് 2019 നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി തട്ടിപ്പ് നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ എം.ജി റോഡിലുള്ള അംബിക ആർക്കേഡിലെ ചെമ്മണ്ണൂർ നിധി ലിമിറ്റഡ് സ്ഥാപനത്തിനെതിരെ നടപടിയെടുത്തു.
പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനംചെയ്ത് നിക്ഷേപം സ്വീകരിക്കുകയും പണം തിരികെ നല്‍കാത്തതും ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്വത്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യാനും ജപ്തി സ്ഥിരമാക്കാനും കോടതിയില്‍ ഹരജി ഫയല്‍ ചെയ്യാനുമാണ് ജില്ല മജിസ്ട്രേറ്റ് ഉത്തരവിട്ടത്.
സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും മറ്റു പ്രതികളുടെയും ജില്ലയിലെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടാനായി സ്ഥാവര സ്വത്തുക്കളുടെ മഹസര്‍, ലൊക്കേഷന്‍ സ്കെച്ച്, തണ്ടപ്പേര് പകര്‍പ്പ് എന്നിവയുള്‍പ്പെടെ റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ തയാറാക്കും. പ്രതികളുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും പട്ടിക തൃശൂര്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ തയാറാക്കി കലക്ടറേറ്റിലേക്കും ജില്ല പൊലീസ് മേധാവിക്കും കൈമാറും.
പ്രതികളുടെ പേരില്‍ ജില്ലയിലെ ബാങ്കുകള്‍, ട്രഷറികള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരംഭിച്ച എല്ലാതരം അക്കൗണ്ടുകളും സ്ഥിരനിക്ഷേപങ്ങളും മരവിപ്പിക്കാനുള്ള നടപടി എല്ലാ സ്ഥാപന മേധാവിമാരും അടിയന്തരമായി സ്വീകരിക്കണം. ജില്ലയിലെ എല്ലാ ബാങ്ക് മാനേജര്‍മാര്‍ക്കും ഇതുസംബന്ധിച്ച അറിയിപ്പ് നല്കാന് തൃശൂര്‍ ലീഡ് ബാങ്ക് മാനേജറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കാൻ തൃശൂര്‍ സിറ്റി-റൂറല്‍ ജില്ല പൊലീസ് മേധാവിമാര്‍, തൃശൂര്‍, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ എന്നിവര്‍ക്കാണ് ചുമതല.
കോഴിക്കോട്: അമിത പലിശ വാഗ്ദാനംചെയ്ത് തട്ടിപ്പു നടത്തിയതിനെ തുടർന്ന് നിയമനടപടി നേരിടുന്ന തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചെമ്മണ്ണൂർ നിധി ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബോബി ചെമ്മണൂർ ഗ്രൂപ്പിന് ബന്ധമില്ലെന്ന് ബോബി ചെമ്മണൂർ ഗ്രൂപ് മാനേജിങ് ഡയറക്ടർ ബോബി ചെമ്മണൂർ അറിയിച്ചു. കേന്ദ്ര-സംസ്ഥാന നിയമവ്യവസ്ഥകൾക്കു വിധേയമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബോബി ചെമ്മണൂർ ഗ്രൂപ്. ഉപഭോക്താക്കളുടെ വിശ്വാസ്യത കൈമുതലാക്കി വിവിധ മേഖലകളിൽ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന ഗ്രൂപ്പാണിതെന്നും ബോബി ചെമ്മണൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.