കാക്കനാട്: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തും വ്യാജ കാമ്പസ് റിക്രൂട്ട്മെൻറ് നടത്തിയും വിദ്യാർഥികളിൽനിന്ന് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പി. ശങ്കറാണ് (38) കൊച്ചി സൈബർ പൊലീസിന്റെ പിടിയിലായത്. ഇയാൾ ഡിജിറ്റൽ സിഗ്നേച്ചർ, യുണീക് ഐ.ഡി എന്നിവ നിർമിച്ച് നൽകാമെന്ന്പറഞ്ഞ് പണം തട്ടിയതായും പൊലീസ് വ്യക്തമാക്കി.
തൃപ്പൂണിത്തുറ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കൊച്ചി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.ഓൺലൈൻ ജോലി നൽകാമെന്ന് പറഞ്ഞ് വാട്ട്സ്ആപ്പ് വഴി ബന്ധപ്പെട്ട പ്രതി യുവാവിനെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് എടുത്തെന്ന് വിശ്വസിപ്പിച്ച് പണിയെടുപ്പിക്കുകയായിരുന്നു. ഡിജിറ്റൽ സിഗ്നേച്ചർ നിർമിക്കുന്നതിനായി 750 രൂപയും വാങ്ങി. ഒരുമാസം ജോലി ചെയ്യിപ്പിച്ചശേഷം ശമ്പളം നൽകാതെ ഫോൺ ഓഫാക്കി മുങ്ങിയതോടെയാണ് യുവാവ് പരാതി നൽകിയത്.
ഇയാൾക്കെതിരെ സൈബർ സ്റ്റേഷനിൽ മൂന്ന് പരാതികൾ ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.സംസ്ഥാനത്തെ വിവിധ കോളജുകളിലും കമ്പനികളുടെ പേരിൽ തട്ടിപ്പ് നടത്തി വിദ്യാർഥികളെ കബളിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. വിവിധ ബാങ്കുകളുടെ അക്കൗണ്ടുകളും ജോലിക്കായി അപേക്ഷിച്ച വിദ്യാർഥികളുടെ രേഖകളും നിരവധി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും കൃത്യം ചെയ്യുന്നതിനുപയോഗിച്ച മൊബൈൽ ഫോണുകളും ലാപ്പ് ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഇയാൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലും കേസുകളുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി കൊച്ചി സൈബർ പൊലീസിന്റെ പിടിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.