ആലുവ: വീട്ടിലിരുന്ന് പാർട്ട് ടൈമായി ജോലി ചെയ്ത് ദിനംപ്രതി 2000 മുതൽ 10,000 രൂപ വരെ സമ്പാദിക്കാം എന്ന ഒൺലൈനിൽ വരുന്ന പരസ്യങ്ങളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി റൂറൽ ജില്ല പൊലീസ്.
പണം നഷ്ടപ്പെട്ടവരുടെ നിരവധി പരാതിയാണ് റൂറൽ ജില്ല സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഫയൽ അറേഞ്ച്മെന്റ്, ഉൽപന്ന വിൽപന എന്നിങ്ങനെ രണ്ടുതരത്തിലാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. എസ്.എം.എസ് വഴിയോ, സമൂഹമാധ്യമ പരസ്യം വഴിയോയാണ് തട്ടിപ്പുസംഘം ഉദ്യോഗാർഥികളെ ആകർഷിക്കുന്നത്. അവർ നൽകുന്ന ലിങ്കിൽ കയറിയാൽ വാട്സ്ആപ് പേജിലാണ് എത്തുക. കമ്പനി ആധികാരികമാണെന്ന് അറിയാക്കാൻ ചില രേഖകൾ അയച്ചുതരും. തുടർന്ന് പാൻകാർഡ്, ഫോട്ടോ, ആധാർ കാർഡ് എന്നിവ ആവശ്യപ്പെടും.
അത് കൊടുത്തു കഴിഞ്ഞാൽ രജിസ്ട്രേഷനായി രണ്ടായിരമോ മൂവായിരമോ അടക്കണം. തുടർന്ന് സംഘം ഒരു ഫയൽ അയച്ചുതരും. അത് അവർ പറയുന്നതുപോലെ ലേഔട്ട് ചെയ്ത് തിരിച്ചയക്കണം. ഇത് തിരിച്ചയച്ചു കഴിയുമ്പോൾ ശരിയായില്ലെന്നും കമ്പനിയുടെ സമയം നഷ്ടപ്പെടുത്തിയെന്നും കമ്പനിക്ക് ഭീമമായ നഷ്ടമുണ്ടായെന്നും നടപടിയുണ്ടാകുമെന്നും പറഞ്ഞ് ഭീഷണി സ്വരത്തിൽ മെസേജ് വരും. വൈകാതെ വക്കീൽ നോട്ടീസെന്ന രീതിയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കത്തും വരും. 25,000 മുതൽ ഒരുലക്ഷം വരെയൊക്കെയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ഒടുവിൽ പലരും ഭയംമൂലം പണംകൊടുത്ത് തടിയൂരുകയാണ് ചെയ്യുന്നത്.
സൈറ്റിലെ ഉൽപന്നങ്ങൾ വാങ്ങി സൈറ്റ് വഴി വിറ്റ് ലാഭമുണ്ടാക്കിത്തരുന്നതാണ് മറ്റൊരു തട്ടിപ്പ്. ഇങ്ങനെ നിരവധിയാളുകൾക്കാണ് പണം നഷ്ടപ്പെട്ടിട്ടുള്ളത്. ഒൺലൈനിൽ കാണുന്ന പരസ്യങ്ങൾ വിശ്വസിച്ച് വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ കൈമാറിയാൽ സാമ്പത്തിക നഷ്ടമുൾപ്പെടെ സംഭവിക്കുമെന്ന് റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.