വിജിലൻസ് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; യുവതി അറസ്റ്റിൽ

തിരുവല്ല: വിജിലൻസ് ഉദ്യോഗസ്ഥ ചമഞ്ഞ് കേന്ദ്ര- സംസ്ഥാന സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്നും ലക്ഷങ്ങൾ തട്ടിയ യുവതി തിരുവല്ല പൊലീസിന്‍റെ പിടിയിലായി. തിരുവല്ല തിരുമൂലപുരം അടുമ്പട കുരിശുംമൂട്ടിൽ താഴ്ചയിൽ വീട്ടിൽ ഇന്ദു കണ്ണനാണ് (39) വെള്ളിയാഴ്ച ഉച്ചയോടെ ചങ്ങനാശ്ശേരിയിൽനിന്ന് പിടിയിലായത്.

ലക്ഷങ്ങളുടെ മുദ്ര ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തും ഇവർ നിരവധി പേരിൽനിന്നും പണം തട്ടിയിട്ടുണ്ട്. 15 ലക്ഷം രൂപയുടെ മുദ്ര ലോൺ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് 2,30000 രൂപ തട്ടിയെടുത്തതായി തിരുവല്ല സ്വദേശിനി സുനിത കുമാരി നൽകിയ പരാതിയെ തുടർന്നാണ് പ്രതി വലയിലായത്.

ഇന്ദു പിടിയിലായതറിഞ്ഞ് ഇവരുടെ തട്ടിപ്പിന് ഇരയായ നാല് ചങ്ങനാശ്ശേരി സ്വദേശികൾ വൈകീട്ടോടെ പരാതിയുമായി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തി. ചങ്ങനാശ്ശേരിയിലും പരിസരങ്ങളിലുമായി മാത്രം പത്തോളം പേർ ഇന്ദുവിന്റെ തട്ടിപ്പിന് ഇരയായതായി പരാതിയുമായി എത്തിയവർ പറഞ്ഞു.

തിരുമൂലപുരം, വെൺപാല, കുറ്റൂർ പ്രദേശങ്ങളിൽനിന്നും നിരവധി പേർ ഇവരുടെ തട്ടിപ്പിന് ഇരയായതായി പൊലീസിന് വിവരം ലഭിച്ചു. വരുംദിവസങ്ങളിൽ ഇന്ദുവിനെതിരെ നിരവധി പേർ പരാതിയുമായി എത്താനാണ് സാധ്യതയെന്ന് സി.ഐ പി.എസ്. വിനോദ് പറഞ്ഞു.തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Fraud; The woman was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.