ചിറ്റൂർ: തമിഴ്നാട്ടിൽ നിന്നുള്ള സൗജന്യ അരി കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങൾ സജീവം. തമിഴ്നാട്ടിൽ സൗജന്യമായി ലഭിക്കുന്ന റേഷനരി അതിർത്തി കടന്നാൽ പാലക്കാടൻ മട്ടയും പൊന്നി അരിയുമായി മാറും. ഇറച്ചിക്കോഴിക്കും പലചരക്കിനുമെല്ലാം ചരക്കുസേവന നികുതിയായതോടെയാണ് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങൾ റേഷനരിക്കടത്തിലേക്ക് തിരിഞ്ഞത്. കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിൽ മാത്രം ജനുവരി മുതൽ 20 കേസിലായി 75 ടണ്ണിലധികം റേഷനരിയാണ് പിടികൂടിയത്.
ഇറച്ചിക്കോഴി കടത്തിന് സമാനമായി പലസംഘങ്ങൾ ഇതിനുപിന്നിലും പ്രവർത്തിക്കുന്നുണ്ട്. തമിഴ്നാട് സർക്കാർ സൗജന്യമായി നൽകുന്ന അരി അഞ്ച് രൂപക്കും അതിൽക്കുറഞ്ഞ വിലയ്ക്കും സംഘടിപ്പിച്ചാണ് കേരളത്തിലേക്ക് കടത്തുന്നത്.
പിന്നീട് ഗോഡൗണുകളിൽ കൊണ്ടുപോയി പോളിഷ് ചെയ്ത് പുതിയ ചാക്കുകളിലാക്കി വിപണിയിലെത്തിക്കും. മായംചേർത്ത് പോളിഷ് ചെയ്തു വരുന്ന തമിഴ്നാട് റേഷനരി പൊന്നിയരിയും മട്ടയരിയുമായി രൂപംമാറും.
വിപണിയിലെത്തിച്ചാൽ ലഭിക്കുന്നതാവട്ടെ 30-45 രൂപവരെയും. കൊഴിഞ്ഞാമ്പാറയിൽ മാത്രം ഇതിനകം നിരവധിയാളുകൾ റേഷനരി കടത്തിലേക്ക് നീങ്ങിയതായി പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് പിടികൂടുന്ന റേഷനരി സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർക്ക് കൈമാറുകയാണ് നിലവിൽ ചെയ്യുന്നത്. പിന്നീട് തുടർനടപടി പൂർത്തിയാക്കേണ്ടത് സിവിൽസപ്ലൈസ് അധികൃതരാണ്. എന്നാൽ, ഇതിനിടെ കൃത്രിമബിൽ നൽകി സപ്ലൈകോ ഗോഡൗണുകളിൽനിന്ന് പിടിച്ചെടുത്ത അരി കൊണ്ടുപോകും.
തമിഴ്നാട്ടിലുൾപ്പെടെ മറുനാടുകളിലേക്ക് റേഷനരി കടത്ത് പിടിക്കപ്പെട്ടാൽ ഗുണ്ടാ ആക്ട് പ്രകാരം കടുത്തശിക്ഷ നൽകുന്നുണ്ടെങ്കിലും കേരളത്തിൽ ശിക്ഷാനടപടി കുറവായത് റേഷനരി കടത്തുകാർക്ക് സഹായകരമാണ്.
കാർ, വാൻ, ഇരുചക്രവാഹനങ്ങൾ എന്നിവയിലൂടെ കേരളത്തിലെ അതിർത്തിഗ്രാമങ്ങളിലേക്ക് പകൽതന്നെയാണ് കടത്ത് നടക്കുന്നത്. ഇങ്ങനെ എത്തിക്കുന്ന അരി സംഭരിക്കുന്നതിന് നിരവധി രഹസ്യ ഗോഡൗണുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.