തിരുവനന്തപുരം: ഓവർ ബ്രിഡ്ജിലെ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് ആധാരം പ്രതിയുടെ വനിത സുഹൃത്തുമായി കൊല്ലപ്പെട്ട അയ്യപ്പനുണ്ടായ സൗഹൃദമാണെന്ന് പൊലീസ് കണ്ടെത്തി.
എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. പ്രതിയുടെ മൊഴി വിശ്വസനീയമല്ലെന്നും ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊല്ലാനുള്ള കാരണങ്ങൾ വിശദമായി അന്വേഷിക്കണമെന്നും കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ അന്വേഷണസംഘം ആവശ്യമുന്നയിച്ചു.
കാമുകനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന യുവതിയുമായി ഹോട്ടലിൽ റൂമെടുത്ത് അജീഷ് മദ്യപിക്കാറുണ്ടായിരുന്നു. മദ്യപിച്ച് ബഹളം വെച്ചതിന് അജീഷും കൊല്ലപ്പെട്ട അയ്യപ്പനും തമ്മിൽ തർക്കവുമുണ്ടായിരുന്നു. യുവതിയുടെ സുഹൃത്തുക്കളിൽ പലർക്കും അയ്യപ്പൻ ഹോട്ടലിൽ റൂം നൽകി.
ഇതിലുള്ള വിരോധംമൂലമാണ് കൊല നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. പ്രതിയും കാമുകിയും ഈ ഹോട്ടലിൽ മുറിയെടുത്ത രേഖകളും പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് നിരവധിയാളുകൾ സാക്ഷിയായിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഫോറൻസിക് ലബോറട്ടറിയിൽ പരിശോധനക്ക് അയക്കണമെന്നും പൊലീസ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.