കളമശ്ശേരി: അമ്പലപ്പറമ്പിനു സമീപം നടന്ന സംഘർഷത്തിൽ യുവാവിന് മർദനമേറ്റതുമായി ബന്ധപ്പെട്ട് വീട് ആക്രമിക്കാൻ ശ്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. 50ഓളം പേർക്കെതിരെ കേസ്. കൂനംതൈ നിഷാ ഭവൻ വീട്ടിൽ നിമോഷ് (35), കളപ്പാട്ട് വീട്ടിൽ ശരത് (29), ചരുവില വീട്ടിൽ നിയാസ് (27), കുണ്ടേപാടം വീട്ടിൽ രാഘേഷ് (37), വട്ടേക്കുന്നം കാഞ്ഞിരത്തിങ്കൽ വീട്ടിൽ അഷ്കർ (35) എന്നിവരെയാണ് കളമശ്ശേരി വട്ടേക്കുന്നം കൈനാത്ത് പറമ്പിൽ അഖിലിന്റെ വീട് ആക്രമിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 10നും 12നും ഇടയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. കൂനംതൈയിലെ ഉത്സവപ്പറമ്പിന് സമീപത്താണ് ഗുണ്ടനേതാവിന്റ മകൻ കൂടിയായ യുവാവിന് നേരെ ഒരു വിഭാഗം ആക്രമണം നടത്തിയത്. പിന്നാലെ നൂറോളം വരുന്ന എതിർ സംഘം കാറുകളിലും ബൈക്കുകളിലുമായി ആയുധങ്ങളുമായെത്തി അഖിലിന്റെ വീട് വളയുകയായിരുന്നു.
ഭയന്ന യുവാവ് വാതിൽ തുറക്കാത പൊലീസിനെ വിവരമറിയിച്ചു. ഇതോടെ സംഘം പിരിഞ്ഞുപോയി. പോകുന്ന വഴി മറ്റൊരു യുവാവിനെ ആക്രമിച്ചു. അയാളെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അഖിലിന്റെ മാതാവ് അനിതയുടെ പരാതിയിൽ വീട് ആക്രമിക്കാൻ ശ്രമിച്ച കേസിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി. ഗുണ്ടനേതാവിന്റെ മകനെ ആക്രമിച്ച സംഭവത്തിൽ എട്ടുപേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.