അരൂര്‍: അന്തർസംസ്ഥാന തൊഴിലാളികള്‍ക്കടക്കം വില്‍ക്കുന്നതിനായി അരൂരില്‍ എത്തിച്ച 20.5 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസില്‍ പ്രധാനപ്രതിയായ ഒഡീഷ സ്വദേശിയെ അരൂര്‍ പൊലീസ് പിടികൂടി. ഒഡിഷയിലെ റായഗഡ് ജില്ലയിലെ വനമേഖല കേന്ദ്രീകരിച്ച് കഞ്ചാവ് കൃഷി നടത്തി കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് അയക്കുന്ന ദമ്പാറു ഹെയിലിനെയാണ് (26) അരൂര്‍ എസ്.എച്ച്.ഒ പി.എസ്. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
അരൂരില്‍ കഞ്ചാവ് പിടിച്ച കേസില്‍ ഒഡിഷ റിച്ചാപൂര് സ്വദേശി ലക്ഷ്മണ് (39), അംബോഡല സ്വദേശി വിജേന്ദ്ര (36) എന്നിവരെ ജൂൺ 18ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രധാന പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ഇതോടെ കോടതിയുടെ അനുമതിയോടെ പിടിയിലായ ലക്ഷ്മണെയും കൂട്ടിപ്പോയ പൊലീസാണ് ദമ്പാറു ഹെയിലിനെ പിടികൂടിയത്. ലക്ഷ്മണും ഇയാളും തമ്മില്‍ കഞ്ചാവ് കച്ചവടത്തിന്റെ പേരില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെയും ചാറ്റുകളുടെയും രേഖകളും പൊലീസ് ശേഖരിച്ചു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അരൂര്‍: 20.5 കിലോഗ്രാം കഞ്ചാവ് പടികൂടിയപ്പോള്തന്നെ അരൂര്‍ പൊലീസിന് ഒരു കാര്യം വ്യക്തമായിരുന്നു. പിന്നില്‍ ശക്തമായ വേരുകളുണ്ടെന്ന്. ഇതിന് വഴിതെളിച്ചതാകട്ടെ മേയിൽ കുറഞ്ഞ അളവില്‍ കഞ്ചാവുമായി പിടിയാലായ അന്തർസംസ്ഥാന തൊഴിലാളിയുടെ മൊഴിയും. കിട്ടിയ വിവരം വെച്ച് പൊലീസ് ദിവസങ്ങളായി തുടര്‍ന്ന കാത്തിരിപ്പിനു പിന്നാലെയാണ് ജൂണ്‍ 18ന് 20.5 കിലോഗ്രാം കഞ്ചാവ് പിടിച്ചത്.
ഒഡിഷയില്‍നിന്ന് ട്രോളി ബാഗില്‍ കഞ്ചാവ് നിറച്ച് യാത്രക്കാരനെന്ന വ്യാജേന ട്രെയിനിലെത്തി വാടകക്ക് താമസിക്കുന്ന അരൂര്‍ അമ്പലത്തിന്റെ കിഴക്ക് ഭാഗത്തെ വീട്ടിലെത്തിയപ്പോഴാണ് ലക്ഷ്മണെ പൊലീസ് പിടികൂടിയത്. വീട്ടിലുണ്ടായിരുന്ന വിജയേന്ദ്രയെയും പിടികൂടി. ജൂണ്‍ 26ന് റോഡ് മാര്‍ഗം അരൂര്‍ എസ്.എച്ച്.ഒ പി.എസ്. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടു. റായ്ഗഡ് ജില്ലയിലെത്തിയ ഇവര്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ കാര്യങ്ങള്‍ ബോധിപ്പിച്ചു. വനമേഖയോടടുത്ത താഴ്വാരമാണെന്നും മാവോവാദി മേഖലയുമാണെന്ന വിവരം അറിഞ്ഞുമാണ് ഇവര്‍ പ്രധാന പ്രതിയെ പിടികൂടാന്‍ പോയത്. അപ്രതീക്ഷിതമായെത്തിയ കേരള പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ മാത്രമേ ദമ്പാറുവിനായുള്ളൂ. സബ് ഇന്‍സ്പെക്ടര്‍ സാജന്, പൊലീസ് ഉദ്യോഗസ്ഥരായ ശ്യാംജിത്, വിജേഷ്, ഷുനൈസ് എന്നിവരാണ് പ്രതിയെ പിടികൂടാന്‍ പോയ സംഘത്തിലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.