റാഞ്ചി: ഝാർഖണ്ഡിൽ പ്രണയാഭ്യർഥന നിരസിച്ചതിന് അയൽവാസിയായ യുവാവ് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. ദുംക സ്വദേശിനിയായ 12ാം ക്ലാസ് വിദ്യർഥിനിയാണ് മരിച്ചത്. സംഭവത്തിൽ നിർമ്മാണ തൊഴിലാളിയായ ഷാരൂഖ് എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്തിരുന്നെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇയാൾ പെൺകുട്ടിയെ ഫോണിൽ വിളിച്ച്, സംസാരിക്കണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടി പിതാവിനോട് ഭീഷണിയെക്കുറിച്ച് പറയുകയും യുവാവിന്‍റെ വീട്ടുകാരുമായി സംസാരിക്കാമെന്ന് പിതാവ് ഉറപ്പ് നൽകുകയുമായിരുന്നു.
എന്നാൽ ചൊവ്വാഴ്ച രാവിലെ യുവതി ഉറങ്ങിക്കിടക്കുമ്പോൾ പ്രതി മുറിയിലേക്ക് ജനൽ വഴി പെട്രാൾ ഒഴിക്കുകയും തീക്കൊളുത്തുകയും ചെയ്തു. 90 ശതമാനം പൊള്ളലേറ്റ യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റാഞ്ചിയിലെ ആശുപത്രിയിൽ ചികിത്സക്കിടെ ഞാറാഴ്ചയാണ് യുവതി മരണത്തിന് കീഴടങ്ങിയത്.
തന്‍റെ സുഹൃത്ത് ആവണമെന്ന് ആവശ്യപ്പെട്ട് പ്രതി തന്നെ ഫോണിൽ വിളിച്ചിരുന്നതായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തീ കൊളുത്തിയ ശേഷം ജനലിനരികിൽ നിന്ന് പ്രതി ഓടി പോകുന്നത് കണ്ടതായും മൊഴിയിലുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.