മുംബൈ: വിവാഹം കഴിക്കാൻ വിസമ്മതിച്ച കാമുകനെ ഓട്ടോറിക്ഷയിൽ വെച്ച് കൊലപ്പെടുത്തിയ കേസിൽ 32കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച മുംബൈയിലെ ആരേ കോളനിയിലാണ് സംഭവം. സൊഹ്റ ഷാ എന്ന യുവതി അവരുടെ ദുപ്പട്ട ഉപയോഗിച്ചായാണ് ഓട്ടോ ഡ്രൈവറായ കാമുകൻ റംസാൻ ഷെയ്ഖിനെ പിന്നിൽ നിന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
ഇരുവരും ഒരു വർഷത്തോളമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഷായും ഷെയ്ഖും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. യുവതിക്ക് കാമുകനെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടായിരുന്നതായും എന്നാൽ ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയപ്പോൾ യുവാവ് വിവാഹം കഴിക്കാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
ഷെയ്ഖുമായുള്ള ബന്ധത്തിന് മുമ്പ് യുവതി വിവാഹിതയായിരുന്നുവെന്നും അതിൽ ആറ് കുട്ടികൾ ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. രണ്ട് വർഷം മുമ്പാണ് യുവതി ഭർത്താവുമായി പിരിഞ്ഞത്.
ശനിയാഴ്ച ഇരുവരും തമ്മിലുള്ള വാക്ക് തർക്കം രൂക്ഷമായപ്പോൾ പൊലീസിനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി ഷെയ്ഖ് തന്നെ വഞ്ചിച്ചതായി യുവതി ആരോപിച്ചു. തന്‍റെ കൂടെ പൊലീസ് സ്റ്റേഷനിൽ വരാൻ വിസമ്മതിച്ച ഷെയ്ഖിനെ ഇവർ ദുപ്പട്ട ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഷെയ്ഖ് മരിച്ചെന്ന് മനസ്സിലായപ്പോൾ യുവതി പൊലീസിൽ കീഴടങ്ങി. ഷാക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.