കൊച്ചി: തേവര കോന്തുരുത്തി പള്ളിക്ക് സമീപം പ്രവർത്തിച്ചിരുന്ന ഗ്ലോറിയ ചിറ്റ്സ് എന്ന കമ്പനി വഴി ആളുകളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന കേസിലെ രണ്ടുപേർ കീഴടങ്ങി.സഹോദരങ്ങളായ തേവര കോന്തുരുത്തി കാട്ടിപ്പറമ്പിൽ വീട്ടിൽ ബോണി(47), ടോണി (46) എന്നിവരാണ് കീഴടങ്ങിയത്. പ്രതികളെ സൗത്ത് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പ്രതികൾ ബംഗളൂരു, മൈസൂർ, ഗൂഡല്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതികൾ കീഴടങ്ങിയത്. കോന്തുരുത്തിയിലും പരിസരങ്ങളിലുമുള്ള സാധാരണക്കാരും കൂലിപ്പണിക്കാരുമായ ജനങ്ങളെ ഭക്തിയിലൂടെയും കൗൺസലിങിലൂടെയും പറഞ്ഞ് വിശ്വസിപ്പിച്ച് കേസിലെ ഒന്നാം പ്രതിയായ സിസിലിയാണ് ചിട്ടിയിൽ ചേർത്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
പണം അടച്ച് പൂർത്തീകരിച്ചശേഷം ചിട്ടി പണം നൽകാതെ പുതിയ ചിട്ടിയിൽ ചേർത്തും ഉയർന്ന പലിശ വാഗ്ദാനം നൽകിയും ആളുകളെ ചതിച്ചെന്നാണ് കേസ്. വിവാഹം, കുട്ടികളുടെ പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി ചിട്ടി കൂടിയവർ പണം ആവശ്യപ്പെട്ടതോടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. പ്രലോഭനങ്ങൾ നൽകി പരാതിക്കാരെ പൊലീസിൽ പരാതി നൽകുന്നതിൽനിന്ന് പിന്തിരിപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികൾ പിടിയിലായെന്ന് മനസ്സിലാക്കി കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി. എറണാകുളം എ.സി.പി രാജ്കുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എം.എസ്. ഫൈസൽ, എസ്.ഐമാരായ ശരത്, ഉണ്ണികൃഷ്ണൻ, സീനിയർ സി.പി.ഒമാരായ സിനീഷ്, ബീന, ജിഷ, സി.പി.ഒ സുമേഷ്, തിലകൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.