തൊടുപുഴ: തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും ലഹരിക്കടത്തും ഉപയോഗവും വർധിക്കുന്നതായി കണക്കുകൾ. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ലഹരി മാഫിയ സംഘങ്ങള്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും കറങ്ങുന്നത്. ലഹരി സംഘങ്ങളെ കുടുക്കാന്‍ എക്സൈസും പോലീസും ഡാന്‍സാഫ് ടീമും ഉള്‍പ്പെടെ കഠിന പരിശ്രമം നടത്തുന്നതിനിടയിലും ലഹരി കടത്ത് സജീവമാണെന്നാണ് പിടിയിലായ കേസുകൾ ചൂണ്ടിക്കാട്ടുന്നത്. വ്യാഴാഴ്ച എം.ഡി.എയുമായി പിടിയിലായ റെസിന്‍ ഫാമിന് സഹകരണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളാണ്. ചൊവ്വാഴ്ച രാവിലെ 40 കിലോ കഞ്ചാവുമായി നഗരത്തിൽ നിന്ന് രണ്ട് യുവാക്കളെ പിടികൂടിയിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപെടുകയും ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച സിനിമ, ബിഗ് ബോസ് താരമായ കുന്നത്തുനാട് കണ്ണങ്കര പള്ളിക്കൂടത്തുങ്കല്‍ പരീകുട്ടി എന്ന പി.എസ്. ഫരീദുദ്ദീന്‍ (31), വടകര കാവിലുംപാറ പൊയിലക്കരയില്‍ പെരുമാലില്‍ ജിസ്മോന് ദേവസ്യ (24) എന്നിവരെ എം.ഡി.എം.എയും കഞ്ചാവുമായി വാഹന പരിശോധനക്കിടെ മൂലമറ്റം എക്സൈസ് സംഘം പിടികൂടിയിരുന്നു. ഏതാനും മാസം മുമ്പ് പെരുമ്പിള്ളിച്ചിറ- കറുക ഭാഗങ്ങളില്‍ വീടും അപ്പാര്‍ട്ട്മെന്റും മറ്റും വിദ്യാര്‍ഥികള്‍ക്ക് വാടകക്ക് നല്കുന്നയാളും എം.ഡി.എം.എയുമായി പിടിയിലായിരുന്നു.
പിന്നിൽ വമ്പൻ സ്രാവുകൾ
ലഹരിക്കേസുകളില്‍ പിടിക്കപ്പെടുന്നത് ചെറുമീനുകളാണെന്നും ഇവരെ നിയന്ത്രിക്കുന്ന വമ്പന്‍ സ്രാവുകള്‍ വലയില്‍ വീഴുന്നില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്നലെ എം.ഡി.എം.എയുമായി പിടിയിലായ പ്രതിക്ക് എറണാകുളത്ത് നിന്നാണ് മയക്കുമരുന്ന് ലഭിച്ചത്. വിദേശ സുഹൃത്തു മുഖേനയാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് ഇയാള്‍ മൊഴി നല്കി. വിദേശത്തിരുന്ന് ലഹരിക്കച്ചവടം നിയന്ത്രിക്കുന്ന വണ്ണപ്പുറം സ്വദേശിയായ ഇയാളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ലഹരി മാഫിയയാണ് തൊടുപുഴ മേഖലയിലെയും മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്നത്. കഴിഞ്ഞ ദിവസം പിടികൂടിയ കഞ്ചാവ് ഒഡിഷയില്‍ നിന്ന് കൊച്ചിയിലെത്തിച്ച് അവിടെ നിന്നാണ് പിടിയിലായ പ്രതികളുടെ കൈകളിലെത്തിയത്. മായം ചേർത്തതടക്കം ജീവൻ തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം.
പണത്തോടുള്ള ആര്‍ത്തി
കഞ്ചാവ് പോലുള്ള ലഹരികളില്‍ നിന്ന് മാറി സിന്തറ്റിക് ലഹരിയുടെ ഉപയോഗം കൂടിയതായാണ് എക്സൈസ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പ് പോലുള്ള സിന്തറ്റിക് ലഹരികളുമാണ് വില്‍പ്പനക്കെത്തുന്നത്. ഇവക്ക് വില കൂടുതലാണെങ്കിലും സൂക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പമാണെന്നതും മണിക്കൂറുകളോളം ലഹരി നില്‍ക്കുമെന്നതുമാണ് ഉപയോക്താക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. ന്യൂജന്‍ ലഹരികള്‍ക്ക് പ്രത്യേകിച്ച് മണമോ മറ്റോ ഇല്ലാത്തതിനാല്‍ ഇത് ഉപയോഗിച്ചത് തിരിച്ചറിയാനും പലപ്പോഴും കഴിയാറില്ല. ഉപയോഗിക്കുന്നവര്‍ വളരെ പെട്ടെന്ന് ഇതിന് അടിമപ്പെടുകയും ചെയ്യും. വിദ്യാർത്ഥികളെയടക്കം ലക്ഷ്യമിട്ട് വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നതായാണ് വിവരം.
ഈ വർഷം ഇതുവരെ പിടികൂടിയത് 91 കിലോ കഞ്ചാവ്
തൊടുപുഴ: ജില്ലയിൽ കഞ്ചാവിനെക്കൂടാതെ സിന്തറ്റിക് ലഹരി ഉൽപന്നങ്ങളുടെ ഉപയോഗത്തിലും വർധന. ഈ വർഷം ജനുവരി ഒന്ന് മുതൽ നവംബർ 21 വരെ എക്സൈസിന്റെ നേതൃത്വത്തിൽ ജില്ലയിൽ 8985 പരിശോധനകളാണ് നടത്തിയത്. ഇക്കാലയളവിൽ 91 കിലോ കഞ്ചാവാണ് പിടികൂടിയത്. 898 അബ്കാരി കേസും പിടികൂടി. ഇതിൽ 870 പ്രതികളാണ് ഉള്ളത്. 845 പേരെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 54 വാഹനങ്ങളും പിടിച്ചെടുത്തു. 652 എൻ.ഡി.പി.എസ് കേസുകളാണ് കണ്ടെത്തിയത്. നിരോധിത പുകയില ഉൽപന്ന വിൽപനയുമായി ബന്ധപ്പെട്ട 3479 കേസും പിടികൂടി. സിന്തറ്റിക് ലഹരികളുടെ ഉപയോഗത്തിലും വർധനയുണ്ട്. 0.125 ഗ്രാം ഹെറോയിൻ, 0.01 ഗ്രാം ബ്രൗൺഷുഗർ, 6.59 ഗ്രാം ചരസ്, 3.225 ഗ്രാം ഹാഷിഷ്, 962 ഗ്രാം ഹാഷിഷ് ഓയിൽ, 13 ഗ്രാം എം.ഡി.എം.എ, മെത്താഫെറ്റമിൻ 19.259 ഗ്രാം എന്നിവയും പിടിച്ചെടുത്തു. 79 കഞ്ചാവ് ചെടികൾ, 12935 ലിറ്റർ വാഷ് എന്നിവയും പിടികൂടിയവയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.