പയ്യോളി: ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് കടന്ന പ്രതി നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ പൊലീസ് പിടിയിലായി. തിക്കോടി ചിങ്ങപുരം സ്വദേശി കാട്ടിൽ ഇസ്മയിലാണ് (46) കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായത്.
കേസന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇസ്മയിൽ വിദേശത്തുനിന്നും നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചതാണ് പ്രതി വലയിലാകാൻ കാരണം. തുടർന്ന് പ്രതിയെ പയ്യോളി പൊലീസിന് കൈമാറി. ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇതില്‍ മുഖ്യപ്രതികളായ കുറ്റ്യാടിയിലെ വി.പി. സാബിര്‍, പി. സബീല്‍, കക്കട്ടില്‍ ഷബീര്‍, തേവര്‍ കണ്ടിയില്‍ സാലിം അലി, പയ്യോളി ചിങ്ങപുരത്തെ കൊയിലോത്ത് മൊയ്തീൻ ഹാജി തുടങ്ങി അഞ്ച് പ്രതികൾ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
2021 ആഗസ്റ്റ് 27 നാണ് കുറ്റ്യാടി, കല്ലാച്ചി, പയ്യോളി ശാഖകൾ പൂട്ടി ജ്വല്ലറി ഉടമകൾ സ്ഥലം വിട്ടതായി കണ്ടെത്തിയത്. ഇതേ തുടർന്ന് നിക്ഷേപമായി ജ്വല്ലറിയിൽ നൽകിയ പണവും സ്വർണവും നഷ്ടപ്പെട്ടവരുടെ നൂറുകണക്കിന് പരാതികളാണ് മൂന്ന് സ്ഥലങ്ങളിലെയും പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചിരുന്നത്. എന്നാൽ, സംഭവം നടന്ന് ഒരുവർഷമാകാറിയിട്ടും ഇടപാടുകാർക്ക് നഷ്ടപ്പെട്ട പണവും സ്വർണവും തിരിച്ചുകിട്ടാത്തതിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നൽകണമെന്നാണ് പണം നഷ്ടപ്പെട്ടവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.