തൃശൂർ: വീട് നിർമാണത്തിനായി പറമ്പിൽ കുഴിയെടുക്കുമ്പോൾ നിധിയായി സ്വർണം കിട്ടിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിൽക്കാൻ എത്തിയ രണ്ട് ഉത്തരേന്ത്യക്കാർ ഉൾപ്പെടെ മൂന്നംഗ സംഘം അറസ്റ്റിൽ. അഹമ്മദാബാദ് ശാന്തിനഗർ സ്വദേശി ശങ്കർ (34), അഹമ്മദാബാദ് ടക്ക നഗർ രാജു (30), മൈസൂരു മാണ്ഡ്യ ഗിരിപ്പട്ട വിനോദ് (35) എന്നിവരെയാണ് രണ്ട് കിലോഗ്രാം തൂക്കം വരുന്ന വ്യാജ സ്വർണമാല ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ച് ദിവസം മുമ്പ് തട്ടിപ്പുകാർ തൃശൂർ സ്വദേശിയെ സ്വരാജ് റൗണ്ടിൽ വെച്ച് പരിചയപ്പെട്ടിരുന്നു. പിറ്റേന്ന് പരിചയം പുതുക്കിയ സംഘം നിധിയായി കിട്ടിയ സ്വർണ മണിമാല ഉണ്ടെന്നും വിൽപന നടത്തി തന്നാൽ ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് മാലയുടെ ഒരു മണി പൊട്ടിച്ച് നൽകി. പരിശോധിച്ച ശേഷം കച്ചവടം നടത്താമെന്ന് പറഞ്ഞ് പ്രതികൾ സ്ഥലം വിട്ടു. നിധിയുടെ സത്യാവസ്ഥ അറിയാൻ ഇയാൾ പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. ഇത്തരം തട്ടിപ്പുകൾ മുമ്പ് നടത്തിയിരുന്നതായും കണ്ടെത്തി.
ഇടപാട് നടത്താമെന്ന് പറഞ്ഞ് പ്രതികളെ ശക്തൻ സ്റ്റാൻഡ് പരിസരത്ത് എത്തിച്ച് വ്യാജ സ്വർണമാല സഹിതം പിടികൂടുകയായിരുന്നു. സാധാരണ ചെറുകിട സ്ഥാപനങ്ങളും കടകളും നടത്തുന്നവരെയാണ് ഇവർ പരിചയപ്പെടാറ്. കടകളിൽനിന്ന് എന്തെങ്കിലും ചെറിയ സാധനങ്ങൾ വാങ്ങിയാണ് പരിചയം ഉണ്ടാക്കുന്നത്. പറ്റിയ ആളെ കണ്ടെത്തിയാൽ നാട്ടിൽ വീട് പണിയുന്നതിന് കുഴിച്ചപ്പോൾ കുടം നിറയെ സ്വർണം കിട്ടിയെന്നും നാട്ടിൽ വിൽക്കാൻ പറ്റില്ലെന്നും പറഞ്ഞാണ് വലയിൽ വീഴ്ത്തുന്നത്. വിറ്റാൽ ലാഭം തരാമെന്നും കേരളത്തിൽ പരിചയക്കാർ ഇല്ലെന്നും പറഞ്ഞ് മാലയിലെ മണി പൊട്ടിച്ചെടുത്ത് നൽകും. ഇത് പരിശോധിച്ചാൽ സ്വർണമാണെന്ന് ബോധ്യപ്പെടും. ഇവർ ഫോൺ നമ്പറും കൊടുക്കാറുണ്ട്.
മാല തരണമെങ്കിൽ മുൻകൂറായി അഞ്ച് ലക്ഷമോ അതിലേറെയോ ചോദിക്കും. രണ്ടോ മൂന്നോ ലക്ഷം കിട്ടിയാലും മാല കൊടുത്ത് മുങ്ങും. പിന്നീട് മാല പരിശോധിച്ചാൽ സ്വർണം ഉണ്ടാകില്ല. സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.