പത്തനംതിട്ട: ജില്ലയിൽ വീണ്ടും കാപ്പ നിയമപ്രകാരം പൊലീസ് നടപടി. അടൂർ പറക്കോട് സുബൈർ മൻസിലിൽ അജ്മലിനെ (26) അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചതായി ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി നരഹത്യശ്രമം, വീടുകയറി അതിക്രമം നടത്തൽ, ആയുധങ്ങൾ കൈവശംവെക്കൽ, നിരോധിത പുകയില ഉൽപന്നങ്ങൾ വിപണനം ചെയ്യൽ, ദേഹോപദ്രവം ഏൽപിക്കൽ തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായി ജയിൽശിക്ഷയനുഭവിച്ചയാളാണ്. നിലവിൽ പന്തളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് പ്രതിയായി കഴിഞ്ഞുവരുകയായിരുന്ന ഇയാളെ കാപ്പ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് ജയിലിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തരത്തിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പ നിയമ പ്രകാരം ശക്തമായ നടപടി സ്വീകരിച്ച് വരുകയാണെന്നും രണ്ടുമാസത്തിനുള്ളിൽ അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം നാലുപേർക്കെതിരെ കരുതൽ തടങ്കൽ നിയമ പ്രകാരം നടപടി സ്വീകരിച്ചതായും ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.