ആലപ്പുഴ: കുടുംബസ്വത്ത് തർക്കത്തിൽ ഗുണ്ടനേതാവിന് വെട്ടേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ സക്കറിയ വാർഡ് പുളിമ്പറമ്പിൽ തൗഹീദ് (30), ആലപ്പുഴ സക്കറിയ വാർഡ് ഷബ്നം മൻസിലിൽ ഷഹനാസ് (21) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളടക്കം മൂന്നുപേർ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. കുടുംബസ്വത്തുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിലെ തർക്കത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലപ്പുഴ കുന്നുംപുറം റോസ് മഹലിൽ സാബിറിനാണ് (42) വെട്ടേറ്റത്. തലക്ക് പരിക്കേറ്റ ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച ഉച്ചക്ക് 1.30ന് ആലപ്പുഴ വട്ടയാലുള്ള കുടുംബവീട്ടിലായിരുന്നു അക്രമണം. സ്വത്തുതർക്കത്തിൽ സഹോദരന്മാരായ മുഹമ്മദ് ഹാരിസ്, സലവർ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് വെട്ടിയതെന്ന് പറയപ്പെടുന്നു. മാതാപിതാക്കളിൽനിന്ന് കുടുംബസ്വത്ത് 90 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരുസഹോദരൻ രജിസ്റ്റർ ചെയ്ത് വാങ്ങിയിരുന്നു. ഇതിൽ എട്ടുലക്ഷം രൂപ മാത്രമാണ് മാതാപിതാക്കൾക്ക് നൽകിയത്. ബാക്കി തുകക്ക് കുറെനാളുകളായി ഇടനിലക്കാർ മുഖേനയും നേരിട്ടും ചർച്ചകൾ നടന്നിരുന്നെങ്കിലും പണം നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് വെട്ടിൽ കലാശിച്ചത്. വെട്ടേറ്റ സാബിർ നിരവധി ക്രിമിനൽ കേസിൽ പ്രതിയും കാപ്പ പ്രകാരം ജയിൽവാസം അനുഭവിച്ച ആളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.