തൃശൂർ: ചേർപ്പിൽ അപകടത്തിൽപ്പെട്ട കാറിൽനിന്ന് ആയുധങ്ങളുമായി രക്ഷപ്പെട്ട ഗുണ്ടസംഘത്തിലെ ഒമ്പതുപേരും അറസ്റ്റിൽ. ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശികളായ കാറ്റാടിയിൽ വീട്ടിൽ ലിപിൻ (30), തൊട്ടിമലിയിൽ വീട്ടിൽ അച്ചു സന്തോഷ് (25), തൈവേലിക്കകത്ത് വീട്ടിൽ നിക്കോളാസ് (21), മേടയിൽ വീട്ടിൽ അലക്സ് പാസ്കൽ (23), ചെറിയ പള്ളിക്കുന്ന് വീട്ടിൽ ബിബിൻ ബാബു (25), ചെമ്പകപറമ്പിൽ വീട്ടിൽ നിഖിൽ ദാസ് (36), തൃശൂർ ചേർപ്പ് സ്വദേശികളായ മാളിയേക്കൽ വീട്ടിൽ ജിനു ജോസ് (24), മിജോ ജോസ് (20), മേനോത്തുപറമ്പിൽ സജൽ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവർ കൊലപാതകം, വധശ്രമം, ആയുധം കൈവശംവെക്കൽ, പൊലീസിനെ ആക്രമിക്കൽ എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതികളാണ്. മറ്റൊരു ഗുണ്ടനേതാവിനെ വധിക്കാനാണ് ഇവർ ചേർപ്പിലെത്തിയത്. നിരവധി കേസുകളിലെ പ്രതിയും ചേർപ്പ് സ്വദേശിയുമായ ഗീവറിനെ കൊലപ്പെടുത്താനാണ് സംഘം എത്തിയതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ മാളിയേക്കൽ ജിനു, മിജോ എന്നിവർ സാക്ഷികളായ കൊലപാതകക്കേസിൽ പ്രതിക്കെതിരെ സാക്ഷി പറഞ്ഞാൽ കഥ കഴിക്കുമെന്ന് ഗീവറും സുഹൃത്തും ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഇവർ തമ്മിൽ നേരിട്ടും ഫോണിലൂടെയും വെല്ലുവിളി നടത്തി.
ഇതിൽ പ്രകോപിതനായ ജിനു ഏറ്റുമാനൂർ സ്വദേശി അച്ചു സന്തോഷിനെയും സംഘത്തേയും വിളിച്ചുവരുത്തി. തിങ്കളാഴ്ച രാത്രിയെത്തിയ സംഘം ഗീവറിനെ അന്വേഷിച്ച് നടന്നെങ്കിലും ഇവരുടെ നീക്കങ്ങളിൽ സംശയം തോന്നിയ ഇയാൾ മുങ്ങിയിരുന്നു. രാത്രി ഏറെ അലഞ്ഞ സംഘം രാവിലെ വീണ്ടും ഇരയെ തേടിയുള്ള യാത്രയിലാണ് ലോറിയിലിടിച്ച് കാറിന് കേടുപാട് സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.