തൃശൂർ: മദ്യപാനത്തിന് പണം ആവശ്യപ്പെട്ട് അച്ഛമ്മയെ വെട്ടിക്കൊലപ്പടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 30,000 രൂപ പിഴയും. വടക്കാഞ്ചേരി പുതുരുത്തി നെയ്യന്പ്പടി പട്ടുകുളങ്ങര വീട്ടില്‍ സുജിത്തിനെ (30) ആണ് തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.വി. രജനീഷ് ശിക്ഷിച്ചത്.
2016 ജനുവരി ഒന്നിന് പുലർച്ചയായിരുന്നു സംഭവം. സഹോദരിയുടെ പ്രസവത്തിന് അമ്മയും അച്ഛനും ആശുപത്രിയില്‍ പോയ സമയത്ത് സുജിത്തിനെ നോക്കാൻ തറവാട്ടുവീട്ടില്‍നിന്ന് വീട്ടിലേക്ക് അച്ഛമ്മയെ വിളിച്ചുവരുത്തിയിരുന്നു.
ചോറും കറിയും കൂട്ടിക്കലര്‍ത്തി ഛര്‍ദിച്ചതാണെന്ന് തോന്നുംവിധം മുറിയില്‍ ഇടുകയും ഇത് വൃത്തിയാക്കാന്‍ അച്ഛമ്മയെ വിളിച്ചുണര്‍ത്തുകയും ചെയ്തു. മുറി വൃത്തിയാക്കുകയായിരുന്ന അച്ഛമ്മയെ പിന്നില്‍നിന്ന് കഴുത്തിനും മുഖത്തും വെട്ടിക്കൊല്ലുകയായിരുന്നു. മാലയും വളയും മോതിരവും അടക്കം അഞ്ചര പവന് തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു.
പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 39 സാക്ഷികളെ വിസ്തരിച്ചു. വെട്ടാനുപയോഗിച്ച വെട്ടുകത്തിയും കളവു ചെയ്ത മാലയുമടക്കമുള്ള തൊണ്ടിമുതലുകളും 71 രേഖകളും തെളിവിലേക്ക് ഹാജരാക്കി.
വടക്കാഞ്ചേരി പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന കെ.ജി. കൃഷ്ണന്‍പോറ്റിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്റ്റേഷന് ചുമതല ഉണ്ടായിരുന്ന ചേലക്കര ഇന്‍സ്പെക്ടര്‍ ആര് സന്തോഷ് കുമാര്‍ കേസ് ഏറ്റെടുത്ത് ആദ്യ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
വടക്കാഞ്ചേരി ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷ് കുമാര്‍ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. ഡിനി ലക്ഷ്മണ്, അഭിഭാഷകരായ എം.ആര്. ശ്രീലക്ഷ്മി, അര്‍ഷ, കെ.എസ്. ധീരജ് എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.