ഒരു മാസത്തിനിടെ മൂന്ന് വെടിവെപ്പ്; ഒരു മരണം, തോക്ക് പരിശോധന കർശനമാക്കുന്നു

തൊടുപുഴ: ഒരു മാസത്തിനിടെ ജില്ലയിലുണ്ടായത് മൂന്ന് വെടിവെപ്പ്. ഇതിൽ ശനിയാഴ്ച അറക്കുളത്തുണ്ടായ വെടിവെപ്പിലാണ് ഒരു മരണമുണ്ടായത്. ഫെബ്രുവരി 18 ന് ചിന്നക്കനാലിൽ തോട്ടം ഉടമകൾ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചിരുന്നു. എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ഒരാൾക്ക് പരിക്കേറ്റു.

സമീപ പഞ്ചായത്തായ സേനാപതിയിലെ മാവറ സിറ്റിയിലാണ് അടുത്ത സംഭവം. വാക്കുതർക്കത്തെ തുടർന്ന് അനുജൻ സഹോദരനുനേരെ എയർ ഗണ്ണുപയോഗിച്ച് വെടി ഉതിർത്തു. കഴുത്തിനാണ് വെടിയേറ്റത്. മാർച്ച് 16 നായിരുന്നു ഈ സംഭവം.

പത്തു ദിവസത്തിന് ശേഷം അടുത്ത സംഭവം അറക്കുളത്ത്. ഇത്തവണ ഉപയോഗിച്ചത് നാടൻ തോക്ക്. വ്യാജ തോക്കുകളും എയർ ഗണ്ണുകളും തുടർച്ചയായി അപകടം വിതയ്ക്കുന്നത് ഒഴിവാക്കാൻ കർശന നടപടിയുണ്ടാകണമെന്നാണ് ആവശ്യം.

ജീവനെടുക്കുന്ന തോക്ക്; പരിശോധന കർശനമാക്കുന്നു

തൊടുപുഴ: തോക്കുകൾ ഉപയോഗിച്ചുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊലീസ് പരിശോധന കർശനമാക്കുന്നു. തോക്ക് കൈവശം വെച്ച് ഉപയോഗിക്കുന്നവരെ നിരീക്ഷിക്കുന്നുണ്ടെങ്കിലും സമീപകാലത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ പരിശോധനക്കൊരുങ്ങുന്നത്. തോക്കിന്റെ ലൈസൻസിന് അപേക്ഷിച്ചവർ, ലൈസൻസ് കിട്ടിയവർ ദുർവിനിയോഗം ചെയ്യുന്നുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുക. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞാണ് തോക്കുപയോഗിക്കാനുള്ള അനുമതിക്ക് വ്യക്തികൾ അപേക്ഷ നൽകുന്നത്. എന്നാൽ, ഇത് പലരും ദുരുപയോഗം ചെയ്യുന്നതായാണ് വിവരം.

തോക്ക് ഉപയോഗിക്കാനാവശ്യമായ പരിശീലനം ലഭിക്കാതെ ഇത്തരം തോക്കുകൾ ഉപയോഗിക്കുന്നത് കൂടുതൽ അപകടങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. റവന്യൂ വകുപ്പിലാണ് ലൈസൻസിന് അപേക്ഷ നൽകുന്നതെങ്കിലും പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നത്. തോക്കിന് അപേക്ഷിച്ചയാൾ കുറ്റവാളിയാണോ, ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ച ശേഷം നൽകുന്ന റിപ്പോർട്ടനുസരിച്ചാണ് ലൈസൻസ് നൽകുന്നത്. മുമ്പ് വനം വകുപ്പിന്‍റെ പരിശോധനകളിൽ വ്യാജ തോക്കുകളും തിരകളും ജില്ലയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രി മൂലമറ്റത്ത് നടന്ന സംഭവത്തിലും പ്രതിക്ക് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.